ADVERTISEMENT

നെടുമങ്ങാട് ∙ കാലിന്റെ തുടയെല്ലിന് ഗുരുതര പരുക്ക്. ശരീരത്തിൽ പല ഭാഗങ്ങളിലായി പത്തിടത്ത് പെ‌ാട്ടൽ. വയറിൽ മുറിവിൽ നിന്ന് അന്തരികാവയവങ്ങൾ പുറത്ത് ചാടിയ നിലയിൽ. ചികിത്സയുടെ ഭാഗമായി ഇടത് കാലിന്റെ തുടയുടെ ഭാഗം വച്ച് മുറിച്ച് നീക്കി. ഇതു വരെയായായി 4 ശസ്ത്രക്രിയ കഴിഞ്ഞു... ബൈക്കിനു കുറുകെ പൂച്ച കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവ ഡോക്ടർ മഞ്ച പത്താംകല്ല് പാറയിൽകോണം മേലേ പുത്തൻ വീട്ടിൽ ഡോ. ബി.എ.അജിന് (26) ജീവിതത്തിലേക്ക് തിരികെ വരാൻ വേണ്ടത് സുമനസ്സുകളുടെ സഹായം.

യുക്രെയിനിൽ പഠിക്കുന്നതിനിടെ യുദ്ധത്തെ തുടർന്ന് ഉസ്ബക്കിസ്ഥാനിലെ ബുക്കാറ സർവകലാശാലയിൽ നിന്നാണ് അജിൻ എംബിബിഎസ് പഠനം പൂർത്തിയാക്കിയത്. ഇന്ത്യയിൽ പ്രാക്ടീസ് നടത്തുന്നതിന് നാട്ടിലെത്തിയ അജിൻ ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ പരീക്ഷ എഴുതുന്നതിനായി ക്ലാസിന് പോകുമ്പോഴായിരുന്നു ജീവിതം തകർത്ത അപകടമുണ്ടായത്. തൈക്കാട് ക്ലാസിന് പോയ ശേഷം മെഡിക്കൽ കോളജിന് സമീപം എത്തി. ഇവിടെ നിന്ന് മടങ്ങുന്നതിനിടെ കഴിഞ്ഞ മാസം 9ന് രാത്രി 9ന് മുറിഞ്ഞപാലത്ത് വച്ചായിരുന്നു അപകടം. പൂച്ച കുറുകെ ചാടിയപ്പോൾ ബൈക്ക് വെട്ടിത്തിരിക്കുന്നതിനിടെ സമീപത്തെ വൈദ്യുതി പോസ്റ്റിലും ചുവട്ടിലെ കോൺക്രീറ്റ് കുറ്റിയിലും ഇടിക്കുകയായിരുന്നു.

നിലത്തു വീണ അജിന്റെ ശരീരത്തിലേക്ക് ബൈക്കും വീണു. ഗുരുതര പരുക്കേറ്റ അജിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് മികച്ച ചികിത്സയ്ക്കായി മറ്റെ‌ാരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇനിയും കൂടുതൽ ശസ്ത്രക്രിയകൾ വേണ്ടി വരുമെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. അജിന് കാലും മാറ്റി വയ്ക്കണം. ഇപ്പോൾ പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ ചികിത്സയിലാണ്. ചികിത്സയ്ക്കായി ഇനിയും 45 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്. ഇതുവരെ ചികിത്സ്ക്കായി 22 ലക്ഷം രൂപ ചെലവായി. ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ സഹായത്താലാണ് ഇതു വരെയുള്ള ചികിത്സ നടത്തിയത്.

ഇതിനു പുറമേയാണ് ചികിത്സ ഇനിയും നടത്തേണ്ടത്. 5 സെന്റും വീടും ഉള്ള നിർധന കുടുംബം അജിന്റെ തുടർ ചികിത്സയ്ക്കായുള്ള വൻ തുക കണ്ടെത്താൻ വഴിയില്ലാതെ പകച്ച് നിൽക്കുകയാണ്. വിദേശത്ത് ഡ്രൈവർ ജോലി ചെയ്തിരുന്ന അജിന്റെ അച്ഛൻ ബോബൻ വിവരം അറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. അജിന് ഒരു സഹോദരി മാത്രമാണുള്ളത്. അജിന്റെ അമ്മ എം.അനിതയുടെ പേരിൽ എസ്ബിഐ നെടുമങ്ങാട് ശാഖയിൽ അക്കൗണ്ട് തുറന്നു. അനിതയുടെ പേരിലാണ് ഗൂഗിൾ പേ നമ്പർ. അജിന്റെ സഹായാർഥം വാർഡംഗം എസ്.ഷമീർ കൺവീനറായി ചികിത്സാ സഹായ സമിതി രൂപീകരിച്ചു.

സാമ്പത്തിക സഹായത്തിന് അക്കൗണ്ട് വിവരങ്ങൾ:

ബാങ്ക് : എസ്ബിഐ നെടുമങ്ങാട് ശാഖ
അക്കൗണ്ട് നമ്പർ : 57024258123
ഐഎഫ്എസ്‌സി : SBIN0070036
ഫോൺ : 9645235900
ഗൂഗിൾ പേ നമ്പർ : 9645235900

English Summary:

Dr. B.A. Ajin, a young doctor from Kerala, suffered a horrific motorcycle accident leaving him with severe injuries, including amputation. His family is struggling to cover the immense medical expenses. A community-led fundraising campaign is underway to support his recovery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com