ADVERTISEMENT

പത്തനംതിട്ടയിലെ കോളജ് ഹോസ്റ്റലിൽ അമ്മുവിന് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവർണർക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകുമെന്ന് അച്ഛൻ സജീവ് പറഞ്ഞു. അമ്മു ആത്മഹത്യ ചെയ്യില്ലെന്ന വിശ്വാസത്തിൽ തന്നെയാണ് കുടുംബം. ഹോസ്റ്റലിൽ നടന്ന സംഭവങ്ങളിൽ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇപ്പോഴും പുറത്തു വരുന്നത്. ഹോസ്റ്റൽ വാർഡനും കോളജ് അധികൃതരും വിദ്യാർഥികളും പറയുന്ന കാര്യങ്ങളിൽ സാരമായ പൊരുത്തക്കേടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. ഹോസ്റ്റലിൽ എത്തിയ അമ്മു വൈകിട്ട് 4.06ന് സഹോദരൻ അഖിലിന് സന്ദേശം അയച്ചിരുന്നു. ‘ആത്മഹത്യ ചെയ്യണമെങ്കിൽ എന്തെങ്കിലും സൂചന അവൾ നൽകുമായിരുന്നു. അതു കഴിഞ്ഞ് അരമണിക്കൂറിനകം എന്തു സംഭവിച്ചു എന്ന സത്യം പുറത്തു വരണം’– അഖിൽ പറഞ്ഞു.

സഞ്ചയനച്ചടങ്ങുകൾ നടത്തി കണ്ണീരടങ്ങാതെ അമ്മുവിന്റെ കുടുംബം
പോത്തൻകോട് ∙ചിതാഭസ്മത്തിനു മുന്നിൽ കൈകൾ കൂപ്പി മകൾക്ക് നിത്യശാന്തി നേർന്ന് മനമുരുകി പ്രാർഥിക്കുകയായിരുന്നു അവർ. അവൾക്കു വേണ്ടി ഇനി ഇതു മാത്രമേ ഈ മാതാപിതാക്കൾക്കു ചെയ്യാനുള്ളൂ. പത്തനംതിട്ട ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ ബിഎസ്‍സി നഴ്സിങ് 4–ാം വർഷ വിദ്യാർഥിനി അമ്മു എ.സജീവിന്റെ (21) സഞ്ചയന ചടങ്ങുകൾ ഇന്നലെ പോത്തൻകോട് അയിരൂപ്പാറ രാമപുരത്തു പൊയ്ക ‘ശിവം’ വീട്ടിൽ നടന്നു.

മകളുടെ ഓർമകളിൽ ദുഃഖം അടക്കാനാകാതെ അമ്മുവിന്റെ അച്ഛൻ സജീവിന്റെയും അമ്മ രാധാമണിയുടെയും കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. 7–ാം വയസ്സിൽ താൻ കൈകളിൽ കോരിയെടുത്ത അനുജത്തിയുടെ ചിതാഭസ്മം ശിരസ്സിലേറ്റി വരുന്ന സഹോദരൻ അഖിലിനും കണ്ണീരടക്കാനായില്ല. ആ കാഴ്ച കണ്ടു നിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. വർക്കല പാപനാശത്താണ് ചിതാഭസ്മം നിമജ്ജനം ചെയ്തത്.

English Summary:

The family of Ammu A. Sajeev, a 21-year-old nursing student found dead in her hostel room, is demanding a thorough investigation. Contradictory statements from the college and hostel authorities raise suspicions, deepening the family's grief.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com