ശിവഗിരി തീർഥാടനം അരികിൽ; റോഡുകളുടെ സ്ഥിതി അതീവശോചനീയം
Mail This Article
വർക്കല∙ ശിവഗിരി തീർഥാടനത്തിനു മുൻപായി വർക്കലയിലേയും സമീപപ്രദേശങ്ങളിലെ റോഡുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണമെന്നു റെയിൽവേ യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. റെയിൽവേ അധികൃതർ, എംപി, എംഎൽഎ, നഗരസഭ ഉൾപ്പടെയുള്ളവർക്കാണു അസോസിയേഷൻ പ്രസിഡന്റ് ആർ.അനിൽകുമാർ, സെക്രട്ടറി കെ.ശൈവപ്രസാദ് എന്നിവർ നിവേദനം നൽകിയത്. നിവേദനത്തിൽ ആവശ്യങ്ങൾ ഇങ്ങനെ: തീർഥാടനത്തിന്റ ഭാഗമായി പതിനായിരക്കണക്കിന് പേർ ദിവസവും വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ വഴിയാണ് എത്തിച്ചേരുക.
എന്നാൽ സ്റ്റേഷനും ചുറ്റുമുള്ള റോഡുകളും ഏറെക്കാലമായി ശോചനീയ അവസ്ഥയായതിനാൽ അടിയന്തര പരിഹാര നടപടികൾ സ്വീകരിക്കണം. റെയിൽവേ സ്റ്റേഷൻ, പുന്നമൂട് ലെവൽ ക്രോസ്, ജനതാമുക്ക് ലെവൽക്രോസ് റോഡുകളിലെ കോൺക്രീറ്റ് സ്ലാബുകൾ ഇളകി കുഴികൾ നിറഞ്ഞതായി ഇരുചക്രവാഹനങ്ങൾ ദിവസവും അപകടത്തിൽപ്പെടുന്നത് തടയാൻ ഉടൻ നന്നാക്കണം. കൂടാതെ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന്റെ കിഴക്കു വശത്തുള്ള ഗുഡ്‌സ് ഷെഡ് റോഡും റെയിൽവേ സ്റ്റേഷനു മുന്നിലെ റോഡും നന്നാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു ആവശ്യപ്പെടുന്നു.
ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളുടെ വടക്കും തെക്കും അറ്റത്തുള്ള പ്ലാറ്റ്‌ഫോം തറയുടെ നിലവിലെ താറുമാറായ അവസ്ഥ പരിഹരിക്കുക കൂടാതെ യാത്രക്കാർക്ക് കാൽനടയ്ക്കു ട്രോളി പാത ഒരുക്കൽ, കൂടുതൽ ടിക്കറ്റ് കൗണ്ടറുകൾ, പ്ലാറ്റ്‌ഫോമിൽ ശുദ്ധജലം ലഭ്യമാക്കൽ, ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയും ഉന്നയിക്കുന്നു. സ്റ്റേഷൻ സ്റ്റാറ്റസ്, വരുമാനം, യാത്രക്കാരുടെ എണ്ണം എന്നിവ പരിഗണിച്ച് ഒരു യാത്രക്കാരുടെ വിവര കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കുക, തീർഥാടനം കണക്കിലെടുത്ത് എല്ലാ ദീർഘദൂര ട്രെയിനുകൾക്കും ഡിസംബർ 15 മുതൽ ജനുവരി 15 വരെ വർക്കലയിൽ സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. സ്റ്റേഷനു മുന്നിൽ ഓട്ടോറിക്ഷകൾ ഉൾപ്പെടെ അനധികൃത വാഹന പാർക്കിങ് നിരോധനവും നടപ്പാക്കണം.