ADVERTISEMENT

പുത്തൻതോപ്പ് ∙ തീരദേശ ജലപാത നിർമാണത്തിന്റെ മറവിൽ പാർവതി പുത്തനാറിൽനിന്നു വൻതോതിൽ മണൽ കടത്തുന്നതായി ആരോപിച്ച് നാട്ടുകാർ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും മണലെടുപ്പു തടയുകയും ചെയ്തു. തുടർച്ചയായ 10 ദിവസമാണ് നാട്ടുകാരുടെ പ്രതിഷേധം.മണ്ണുമാന്തി ഉപയോഗിച്ച് പാർവതി പുത്തനാറിൽ പുത്തൻതോപ്പ് ഭാഗത്തു നിന്നു മണൽ മാറ്റാൻ തുടങ്ങിയതോടെയാണ് പുത്തൻതോപ്പ് ഇടവക വികാരി ഫാ.ആന്റോ ഡിക്സന്റെ നേതൃത്വത്തിൽ നാട്ടുകാർ മണ്ണെടുക്കുന്നതു തടഞ്ഞത്. പൊലീസ് സംരക്ഷണം വേണമെന്ന ഇൻലാൻഡ് നാവിഗേഷൻ അധികൃതരുടെ ആവശ്യത്തെത്തുടർന്ന് കഠിനംകുളം അഞ്ചുതെങ്ങ് എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തിയിരുന്നു.

വാക്കേറ്റത്തെ തുടർന്ന് സംഘർഷാവസ്ഥ ഉണ്ടായെങ്കിലും മണ്ണുമാന്തി നിർത്തിയിട്ടതോടെ നാട്ടുകാർ ശാന്തരായി. ജില്ലാ കലക്ടറെത്തി പരിഹാരം കാണുംവരെ പ്രതിഷേധിക്കും എന്ന് നാട്ടുകാർ അറിയിച്ചു. ഫാ.ആന്റോ ഡിക്സൻ ജില്ലാ കലക്ടറുമായി ബന്ധപ്പെട്ടപ്പോൾ അന്വേഷണത്തിനായി ഡപ്യൂട്ടി കലക്ടറെ അയയ്ക്കാം എന്ന മറുപടി ലഭിച്ചു.ആറിന്റെ മധ്യഭാഗത്തു നിന്ന് ഇരുവശത്തും 25 മീറ്റർ നീളത്തിൽ മണ്ണു മാറ്റണമെന്നാണ് കരാറിലെ വ്യവസ്ഥയെങ്കിലും റോഡിനോടു ചേർന്ന വശത്തുതന്നെ 30 മീറ്ററോളം മണ്ണു മാറ്റി എന്നാണ് നാട്ടുകാർ പറയുന്നത്.മണലെടുപ്പിനെ തുടർന്ന് വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറും റോഡിലേക്കു മറിയുമെന്ന അവസ്ഥയിലാണ്.

നിയമവിധേയമായിട്ടേ മണ്ണു മാറ്റുന്നുള്ളൂവെന്ന് തീരദേശ ജലപാത നിർമാണത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥർ അറിയിച്ചു. ഇവിടെ നിന്നു മാറ്റുന്ന മണ്ണ് പള്ളിത്തുയ്റക്കു സമീപം നിർമിക്കുന്ന യാർഡിനടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും സർക്കാരിന്റെ മാർഗനിർദശ പ്രകാരം അതു പിന്നീട് ലേലം ചെയ്യുമെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചത്.ലപാത നിർമാണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുൻപ് പുഴയുടെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന മരങ്ങൾ സാമൂഹിക വനവൽക്കരണ വിഭാഗത്തിന്റെയും വനം വകുപ്പിന്റെയും അനുമതി ഇല്ലാതെ മുറിച്ചു കൊണ്ടുപോയിരുന്നു. നാട്ടുകാരുടെയും പൊതുപ്രവർത്തകരുടെയും പരാതിയെ തുടർന്ന് മരം മുറിച്ചുമാറ്റിയ സംഭവത്തിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.

English Summary:

Tensions rise in Parvathi Puthanaar as locals halt sand mining operations, alleging environmental damage and illegal practices. Led by Fr. Anto Dixson, residents demand government intervention and a stop to the excavation threatening their community.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com