ഫണ്ട് തിരിമറി: ട്രൈബല്‍ ഓഫിസര്‍ക്ക് 16 വര്‍ഷം കഠിന തടവും 4,60,000 രൂപ പിഴയും ശിക്ഷ
Mail This Article
തിരുവനന്തപുരം∙ പട്ടിക വര്‍ഗ വിഭാഗത്തിനായുളള ക്ഷേമ പ്രവര്‍ത്തന ഫണ്ട് തട്ടിയെടുത്ത ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫിസർക്ക് രണ്ട് കേസുകളില്‍ വിവിധ വകുപ്പുകളിലായി 16 വര്‍ഷം കഠിന തടവും 4,60,000 രൂപ പിഴയും ശിക്ഷ. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം.വി.രാജകുമാരയാണ് വാമനപുരം മുന്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ മാത്യൂ ജോര്‍ജിനെ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക തടവ് അനുഭവിക്കണം.
വാമനപുരം ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫിസറായിരുന്ന 2007–2009 കാലയളവിലായിരുന്നു തട്ടിപ്പ് നടത്തിയത്. നെടുമങ്ങാട് ഇന്റർഗ്രേറ്റഡ് ട്രൈബല്‍ ഡവലപ്പ്മെന്റ് പ്രോജക്ട് ഓഫിസറായിരുന്ന പ്രതി ചില പ്രത്യേക വിഭാഗം പട്ടിക വര്‍ഗക്കാര്‍ക്കായുളള ഭക്ഷണവിതരണത്തിന് സര്‍ക്കാര്‍ അനുവദിച്ച 1,51,240 രൂപയും ഇതേ വിഭാഗക്കാര്‍ക്ക് കുടുംബശ്രീ യൂണിറ്റ് വഴി വിതരണം ചെയ്യാനുളള ആടുകള്‍ വാങ്ങുന്നതിനുളള 2,08,000 രൂപയും ഭവന നിര്‍മാണത്തിന് അനുവദിച്ച 1,60,000 രൂപയില്‍ നിന്ന് 80,000 രൂപയും അടക്കം 4,39,240 തട്ടിയെടുത്തതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പ്രോസിക്യൂട്ടര്‍ വീണ സതീശന്‍ ഹാജരായി.