കുളക്കോട്– അരുവിക്കര ഡാം റോഡ് നവീകരണം: കൊടുംവളവുകൾ നിവർത്തും, 11 മീറ്റർ വീതിയിൽ
Mail This Article
വെള്ളനാട് ∙ ടാറിങ് തകർന്ന് ഗതാഗതം ദുഷ്കരമായ കുളക്കോട്–അരുവിക്കര ഡാം റോഡിന്റെ നവീകരണത്തിൽ കൊടുംവളവുകൾ നിവർത്തും. കുളക്കോട് എസ്ജി ചർച്ചിനു സമീപം, ശങ്കരമുഖം എൽപി സ്കൂളിന് സമീപം എന്നിവിടങ്ങളിലെ വളവുകളാണ് നിവർത്തുന്നത്. നിലവിലെ റോഡിൽ 11 മീറ്റർ വീതിയിൽ മാത്രമാണ് നവീകരണ ജോലികൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചതിന് പിന്നാലെ കൊടുംവളവുകൾ നിവർത്തുന്നതിനായി സമീപ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന കല്ലുകൾ റോഡിന്റെ വശത്തേക്കു മാറ്റിയിരുന്നു. ഇത് മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.
കുളക്കോട് ഗിരീഷ് ഭവനിൽ എൻ.ബാലചന്ദ്രമേനോൻ മനോരമ വാർത്ത സഹിതം മനുഷ്യാവകാശ കമ്മിഷൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്ക് പരാതി നൽകിയിരുന്നു. മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് നവീകരണത്തിന് നടപടിയായത്. കുളക്കോട് എസ്ജി ചർച്ചിന് സമീപം സ്വകാര്യ പുരയിടത്തിൽനിന്നു നീക്കംചെയ്ത കല്ലുകളുടെ സ്ഥാനത്ത് അധികൃതർ കഴിഞ്ഞ ദിവസം കമ്പികൾ സ്ഥാപിച്ചു. 12 മീറ്റർ വീതിയിൽ റോഡിന്റെ വശത്ത് സ്ഥാപിച്ചിരുന്ന കല്ലുകൾ 11 മീറ്ററിലേക്ക് മാറ്റിയിട്ടാണ് നവീകരണ ജോലികൾ ആരംഭിച്ചത്. സമീപത്തെ ഉടമകളുടെ പ്രതിഷേധത്തെ തുടർന്നാണ് ഇതെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞിരുന്നു.
റോഡിൽ ടാറിങ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട പലഭാഗത്തും യാത്ര വളരെ ദുഷ്കരമാണ്. കണ്ണേറ്റുനടയിൽ കരിങ്കൽകെട്ടിന്റെ ജോലികൾ ആരംഭിച്ചെങ്കിലും തടസ്സപ്പെട്ടു. അടുത്ത ആഴ്ച സംരക്ഷണ ഭിത്തിയുടെ ജോലികൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. റോഡിന്റെ ജോലികൾ ഉടനടി ആരംഭിച്ച് വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.