സ്വകാര്യ ബസ് തട്ടി മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവം: പ്രതിഷേധം അണപൊട്ടി; നടപ്പാക്കിയത് തലതിരിഞ്ഞ പരിഷ്കാരമെന്ന് നാട്ടുകാർ
Mail This Article
ആറ്റിങ്ങൽ ∙ബുധനാഴ്ച രാവിലെ സ്വകാര്യ ബസ് തട്ടി മൂന്ന് വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവത്തെ തുടർന്ന് പാലസ് റോഡിലൂടെ സ്വകാര്യ ബസുകൾക്ക് ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണം അടിയന്തര യോഗം കൂടി പിൻവലിച്ചതിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. പരിഷ്കരണം പിൻവലിച്ചതിനു പിന്നിൽ ജനപ്രതിനിധികളുടെ നിക്ഷിപ്ത താത്പര്യമാണെന്നാണ് ആക്ഷേപം. വിദ്യാർഥികൾക്ക് പരുക്കേറ്റ സംഭവം നിസ്സാസരമെന്നും യോഗം വിലയിരുത്തിയിരുന്നു. കച്ചേരി ജംക്‌ഷൻ വഴി ബസുകൾ കടത്തിവിട്ടാൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന ബസ് ഉടമകളുടെ വാദത്തെ തുടർന്നാണ് ട്രാഫിക് പരിഷ്കരണം മാറ്റിയത്.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ പാലസ് റോഡ് വഴിയുള്ള സ്വകാര്യ ബസുകളുടെ സർവീസ് പുനരാരംഭിച്ചിരുന്നു. ചിറയിൻകീഴ്, കടയ്ക്കാവൂർ, മണനാക്ക് ഭാഗത്തു നിന്നു ബസുകൾ സ്വകാര്യ ബസ് ഡിപ്പോയിലേക്ക് വരുന്നതിനായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ചിറയിൻകീഴ്, കടയ്ക്കാവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾക്ക് പാലസ് റോഡുവഴി പോകാം. അടിയന്തര യോഗത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി എസ്.മഞ്ചുലാൽ, നഗരസഭാ ചെയർപഴ്സൻ എസ്.കുമാരി, ഒ.എസ്.അംബിക എംഎൽഎ, ബസ് ഉടമകളുടെയും ജീവനക്കാരുടേയും സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തിരുന്നു.
ബസ് തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ
∙ പാലസ് റോഡ് വഴി സർവീസ് നടത്തിയ രണ്ട് ബസുകൾ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. ചിറയിൻകീഴ് ഭാഗത്തുനിന്നു വന്ന ബസുകളാണ് ഗേൾസ് എച്ച്എസ്എസിന് സമീപം തടഞ്ഞത്. തിരിച്ച് കച്ചേരി ജംക്‌ഷൻ വഴി പോകണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരെ വഴിയിൽ ഇറക്കിവിടുകയാണ് ബസ് ജീവനക്കാർ ചെയ്തത്. ബസ് ജീവനക്കാരും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന്, ആറ്റിങ്ങൽ മേഖലയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. ബസുകൾ, ബസ് ഡിപ്പോയിലും റോഡുകളിലും നിരത്തിയിട്ടതോടെ വൻ ഗതാഗതക്കുരുക്കുണ്ടായി.
ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.ജി.വിഷ്ണു ചന്ദ്രൻ, ബ്ലോക്ക് സെക്രട്ടറി എസ്.സുഖിൽ, ബ്ലോക്ക് പ്രസിഡന്റ് ആർ.പി.നന്ദുരാജ്, കൗൺസിലർ വി.എസ്.നിധിൻ, പ്രശാന്ത് മങ്കാട്ടു, അരുൺ എന്നിവർ നേതൃത്വം നൽകി. പണിമുടക്ക് നടത്തിയ സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് മോട്ടർ വാഹനവകുപ്പ് അധികൃതർ അറിയിച്ചതോടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു. രണ്ട് ദിവസത്തിനകം പൊലീസ്, മോട്ടർ വാഹനവകുപ്പ്, സംഘടനാ പ്രതിനിധികൾ, ജന പ്രതിനിധികൾ എന്നിവരെ കൂട്ടി യോഗം ചേർന്ന് അനുയോജ്യമായ തീരുമാനം എടുക്കാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഡിവൈഎഫ്ഐയും സ്വകാര്യ ബസ് ജീവനക്കാരും പ്രതിഷേധം അവസാനിപ്പിച്ചു.
മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റശ്രമം
∙ പണിമുടക്കിനെ തുടർന്ന് പാതിവഴിയിൽ സർവീസ് അവസാനിപ്പിച്ച് യാത്രക്കാരെ ഇറക്കിവിടുന്നത് ചിത്രീകരിച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കു നേരെ ബസ് ജീവനക്കാർ കയ്യേറ്റത്തിന് ശ്രമിച്ചു. ഭാരത് വിഷൻ ക്യാമറമാൻ ദീപു, റിപ്പോർട്ടർ പ്രദീപ് എന്നിവർക്ക് നേരെയാണ് കയ്യേറ്റ ശ്രമം ഉണ്ടായത്. ഇരുവരും പൊലീസിൽ പരാതി നൽകുകയും വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഡിവൈഎസ്പിയുടെ നിലപാടിനെതിരെ അമർഷം
∙ പാലസ് റോഡിലെ അപകടത്തിന്റെ പശ്ചാത്തലത്തിൽ 2011 ലെ കേരള പൊലീസ് ആക്ട്, 2020 ലെ കേരള പൊലീസ് ചട്ടങ്ങൾ എന്നിവയിലെ 61–ാം വകുപ്പ് അനുസരിച്ച് ആറ്റിങ്ങൽ എസ്എച്ച്ഒ ജി.ഗോപകുമാർ പാലസ് റോഡിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണം ഒഴിവാക്കുന്നതിനായി ജനപ്രതിനിധികൾ വിളിച്ചുചേർത്ത യോഗത്തിൽ ഡിവൈഎസ്പി പങ്കെടുത്തതിലും സ്വീകരിച്ച നിലപാടിനെതിരെയും സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു. ട്രാഫിക് പരിഷ്കരണം നടപ്പിലാക്കിയ തീരുമാനം നഗരസഭാ ചെയർപഴ്സന്റെ ഓഫിസിൽ കൂടിയ അടിയന്തര യോഗത്തിൽ മണിക്കൂറുകൾക്കം പിൻവലിക്കുകയായിരുന്നെന്ന് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
നടപ്പാക്കിയത് തലതിരിഞ്ഞ പരിഷ്കാരമെന്ന് നാട്ടുകാർ
∙ ചിറയിൻകീഴ് , കടയ്ക്കാവൂർ, മണനാക്ക് ഭാഗങ്ങളിൽനിന്നു വരുന്ന ബസുകൾ റൂട്ട് തെറ്റിച്ച് ഗേൾസ് എച്ച്എസ്എസിന് മുന്നിലൂടെ പാലസ് റോഡിൽ കയറിയാണ് സ്വകാര്യ ബസ് ഡിപ്പോയിൽ എത്തുന്നത്. ഇതുമൂലം കച്ചേരി ജംക്‌ഷനിലെ നിരവധി ഓഫിസുകളിൽ പോകേണ്ട യാത്രക്കാർ കച്ചേരി ജംക്‌ഷൻ വഴി ചുറ്റിപ്പോകേണ്ട സാഹചര്യമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. പുനഃസ്ഥാപിച്ച ട്രാഫിക് പരിഷ്കരണം അശാസ്ത്രീയമാണെന്നും പിൻവലിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
എസ്എഫ്ഐ മാർച്ച് നടത്തി
∙ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭ ബസ് സ്റ്റാൻഡിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് ജില്ലാ വൈസ് പ്രസിഡന്റ് വിജയ് വിമൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അർജുൻ, ഗേയ്റ്റി ഗെയിൽ, ആദിത്യ ശങ്കർ എന്നിവർ പ്രസംഗിച്ചു.
പെർമിറ്റ് കച്ചേരി ജംക്‌ഷൻ വഴി സർവീസ് നടത്താൻ മാത്രം
∙ മോട്ടർ വാഹനവകുപ്പ് അനുവദിച്ചിട്ടുള്ള പെർമിറ്റുകൾ പ്രകാരം കച്ചേരി ജംക്‌ഷനിലെത്തി ദേശീയപാതയിലൂടെ സ്റ്റാൻഡിൽ പ്രവേശിക്കുന്നതിനാണ് സ്വകാര്യ ബസുകൾക്ക് പെർമിറ്റുള്ളത്. വീരകേരളപുരം ക്ഷേത്രത്തിന് സമീപവും കച്ചേരി ജംക്‌ഷനിൽ ട്രഷറിക്ക് സമീപവും ബസ് സ്റ്റോപ്പുകളും ഉണ്ട്. എന്നാൽ ഇവിടെ ഇറങ്ങേണ്ട യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി കൊണ്ടാണ് പാലസ് റോഡ് വഴി ബസുകൾ സർവീസ് നടത്തുന്നത്.
പൂവമ്പാറ – മൂന്നുമുക്ക് ദേശീയപാത നാലുവരിപാതയാക്കുന്നതിന് മുൻപ് അന്നത്തെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് വേണ്ടി താൽക്കാലിക സംവിധാനമായാണ് പാലസ് റോഡ് വഴി സ്വകാര്യ ബസുകൾക്ക് സർവീസ് അനുവദിച്ചിരുന്നത്. 4 സ്കുളുകളും ഇരുപത്തഞ്ചിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിതിചെയ്യുന്ന പാലസ് റോഡിലൂടെ ഇരുവശത്തേക്കും ബസ് സർവീസ് ആരംഭിച്ചത് കുട്ടികൾ അടക്കമുള്ള കാൽനടയാത്രക്കാർക്ക് വൻ അപകട ഭീതിയാണ് ഉയർത്തുന്നത്. ഡിപ്പോയിൽ നിന്നു ബസുകൾക്ക് പുറത്തേക്ക് ഇറങ്ങാനുള്ള പ്രധാന വഴിയാണ് പാലസ് റോഡിലുള്ളത്. എന്നാൽ ഡിപ്പോയിലേക്ക് കയറുന്ന ബസുകൾ തെക്കു വശത്തെ കവാടം വഴി ദേശീയപാതയിലിറങ്ങി വടക്കുവശത്തെ കവാടം വഴി അകത്തേക്ക് കയറുന്നതിനാൽ പലപ്പോഴും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.