സംസ്ഥാനത്ത് എച്ച്ഐവി ബാധിതർ വർധിക്കുന്നു; എച്ച്എൽഎൽ വിതരണം ചെയ്തത് 5290 കോടി ഗർഭനിരോധന ഉറകൾ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്തു സ്വവർഗരതിക്കാരായ യുവാക്കൾക്കിടയിൽ എച്ച്ഐവി പോസിറ്റീവ് ആകുന്നവരുടെ എണ്ണം കുതിച്ചുയരുന്നെന്നു കണ്ടെത്തൽ. ഈ വർഷം റിപ്പോർട്ട് ചെയ്ത കേസുകളിൽ 20% ഈ ഗണത്തിലുള്ളതാണ്. 20 മുതൽ 30 വയസ്സു വരെയുള്ളവർക്കാണു സ്വവർഗരതിയിലൂടെ വൈറസ് ബാധിക്കുന്നത്. മുൻപ്, എച്ച്ഐവി പോസിറ്റീവ് ആകുന്നവരിൽ സ്വവർഗരതിക്കാർ 2 ശതമാനത്തിൽ താഴെയായിരുന്നു. പ്രായക്കണക്ക് നോക്കിയാൽ മുൻപ് 42 മുതൽ 50 വയസ്സു വരെയുള്ള പുരുഷന്മാരായിരുന്നു വൈറസ് ബാധിതരിൽ കൂടുതൽ. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ഈ കണക്കുകളനുസരിച്ചു ബോധവൽക്കരണത്തിലും പരിശോധനകളിലും അടിമുടി മാറ്റം വരുത്തേണ്ടിവരും.
ലഹരി കുത്തിവയ്ക്കുന്നവർക്കിടയിലും എച്ച്ഐവി ബാധിക്കുന്നതിന്റെ കണക്ക് അതിവേഗം ഉയരുന്നുണ്ട്. ഈ വർഷം മാത്രം 8% പേരാണ് ഈ രീതിയിൽ വൈറസ് ബാധിതരായത്. ഗർഭിണികൾക്കിടയിലും എച്ച്ഐവി ബാധിതർ വർധിക്കുന്നു. വൈറസ് ബാധിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും ഗർഭം ധരിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. കഴിഞ്ഞവർഷം 81 ഗർഭിണികളിലാണ് എച്ച്ഐവി കണ്ടെത്തിയത്. ഇവരിൽ 45 പേർക്കും തങ്ങൾക്കു രോഗം ഉണ്ടെന്ന് അറിയാമായിരുന്നെന്ന് കൗൺസിലിങ്ങിൽ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത ഇന്ത്യയിൽ 0.20 ആണെങ്കിൽ കേരളത്തിലത് 0.07 ആണ്. എന്നാൽ, തിരുവനന്തപുരത്തെ സാന്ദ്രത 0.19 ആണ്. അതായതു കേരളത്തിന്റെ ആകെ നിരക്കിന്റെ ഇരട്ടിയിലേറെയാണു തിരുവനന്തപുരത്തുള്ളത്.
5290 കോടി ഗർഭനിരോധന ഉറകൾ
പ്രവർത്തനം തുടങ്ങി 58 വർഷത്തിനിടെ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലെ എച്ച്എൽഎൽ ലൈഫ് കെയർ ലിമിറ്റഡ് ഉൽപാദിപ്പിച്ചു വിതരണം ചെയ്തത് 5290 കോടി ഗർഭ നിരോധന ഉറകൾ. കേരളത്തിൽ പേരൂർക്കട,കൊച്ചി,ഐരാപുരം എന്നിവിടങ്ങളിലും കർണാടകയിൽ ബെളഗാവിയിലുമുള്ള ഫാക്ടറികൾ വഴിയാണ് ഇത്രയും ഉറകൾ ഉൽപാദിപ്പിച്ചത്. പേരൂർക്കടയിലെ ഫാക്ടറി ഗർഭനിരോധന ഉറ ഉൽപാദിപ്പിക്കുന്നവയിൽ, ലോകത്തിലെ ഏറ്റവും വലിയ ഫാക്ടറികളിലൊന്നാണ്. മുപ്പതിലധികം ഇനങ്ങൾ വിപണിയിലിറക്കുന്നുണ്ട്. ആഗോളതലത്തിലെ ഗർഭനിരോധന ഉറ ഉൽപാദനത്തിൽ 10 ശതമാനവും എച്ച്എൽഎലിന്റേതാണ്. 87 രാജ്യങ്ങളിലേക്കു കയറ്റുമതിയുമുണ്ടെന്ന് എച്ച്എൽഎൽ അറിയിച്ചു.