പ്രായപൂർത്തിയാകാത്ത മകളെ വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചു; പിതാവ് തലയ്ക്ക് ഇടിയേറ്റ് മരിച്ചു
Mail This Article
കിളിമാനൂർ ∙ പ്രായപൂർത്തിയാകാത്ത മകളെ യുവാവിനു വിവാഹം ചെയ്തു നൽകാൻ വിസമ്മതിച്ചനെത്തുടർന്നു കല്ലുകൊണ്ട് ഇടിയേറ്റ പിതാവ് മരിച്ചു. പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ ഞാവേലിക്കോണം ചരുവിള വീട്ടിൽ ബിജു(40) ആണു കൊല്ലപ്പെട്ടത്. കൊല്ലം ചിതറ വളവുപച്ച തുമ്പമൺതൊടി തടത്തിൽ വീട്ടിൽ ആർ.രാജീവാണ്(31) പിടിയിലായത്. ഞാവേലിക്കോണം അപ്പൂപ്പൻകാവ് ജംക്‌ഷനിൽ കഴിഞ്ഞ 17ന് ആയിരുന്നു ആക്രമണം. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ ബിജു മരിച്ചു. കൂലിപ്പണിക്കാരനാണ്.
17ന് രാത്രി 9ന് അപ്പൂപ്പൻകാവ് ജംക്‌ഷനിൽ സുഹൃത്തുമായി സംസാരിച്ചുനിന്ന ബിജുവിനെ നിലത്തേക്കു തള്ളിയിട്ട ശേഷം നെഞ്ചത്തു കയറിയിരുന്ന പ്രതി കൈവശം കരുതിയ പാറക്കല്ല് നെറ്റിയിൽ ശക്തമായി ഇടിച്ചു പരുക്കേൽപ്പിച്ചെന്നാണു കേസ്. ഗുരുതര പരുക്കേറ്റ ബിജു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
രാജീവിനെ സംഭവ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. റിമാൻഡിൽ കഴിയുന്ന പ്രതിക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്തുന്നതോടെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും. ഞാവേലിക്കോണത്ത് ബന്ധുവിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുക്കാനാണു രാജീവ് എത്തിയത്. അവിടെ വച്ചു ബിജുവിന്റെ മകളെ വിവാഹം ചെയ്തു നൽകാൻ ആവശ്യപ്പെട്ടു. ബിജു എതിർത്തതിനെത്തുടർന്നുണ്ടായ പ്രതികാരമാണ് ആക്രമണത്തിൽ കലാശിച്ചത്. ബിജുവിന്റെ ഭാര്യ: ലിജി.