കേരളത്തിൽ സംരംഭം: നടപടിക്രമം പൊളിച്ചെഴുതണമെന്ന് ശശി തരൂർ
Mail This Article
തിരുവനന്തപുരം∙രാജ്യത്ത് അതിവേഗം വളരുന്ന സ്റ്റാർട്ടപ് മേഖലയിൽ കേരളത്തിനു സവിശേഷ സ്ഥാനമുണ്ടെന്നു ശശി തരൂർ എംപി. നൂതനാശയങ്ങൾ,പുത്തൻ കണ്ടുപിടിത്തങ്ങൾ,സുസ്ഥിരത,സമഗ്രത തുടങ്ങിയവയിൽ പ്രാഗല്ഭ്യം തെളിയിക്കുന്നതിൽ മുന്നിലാണു കേരളത്തിലെ സ്റ്റാർട്ടപ് സംരംഭങ്ങൾ. കേരള സ്റ്റാർട്ടപ് മിഷൻ കോൺക്ലേവ് ‘ഹഡിൽ ഗ്ലോബലിന്റെ’ സമാപനദിനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ സംരംഭം ആരംഭിക്കാനും മൂലധനം ആകർഷിക്കാനും താൽപര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ കൂടുതൽ കാര്യക്ഷമമാകേണ്ടതുണ്ട്. കാലതാമസം ഒഴിവാക്കി നടപടിക്രമങ്ങൾ പൊളിച്ചെഴുതണം. തൊഴിലന്വേഷകരുടെ രാജ്യത്തിൽനിന്ന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സമ്പദ്വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റുന്നതിന് സംരംഭകത്വ മനോഭാവം സഹായിക്കുമെന്നും തരൂർ ചൂണ്ടിക്കാട്ടി.
സമാപനച്ചടങ്ങിൽ മൈറ്റി സ്റ്റാർട്ടപ് ഹബ് സിഇഒ പനീർശെൽവം മദനഗോപാൽ മുഖ്യാതിഥിയായി. ഐടി സെക്രട്ടറി ഡോ.രത്തൻ യു.ഖേൽകർ, സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക എന്നിവർ പ്രസംഗിച്ചു. സമാപന ദിവസം സംഗമത്തിനെത്തിയ മന്ത്രി കെ.എൻ.ബാലഗോപാൽ നിക്ഷേപകരുമായും എച്ച്എൻഐകളുമായും ഓഹരി ഉടമകളുമായും ആശയവിനിമയം നടത്തി. 10,000ൽ അലധികം ഡെലിഗേറ്റുകളും 250ൽ ഏറെ നിക്ഷേപകരുമാണ് സംഗമത്തിൽ പങ്കെടുത്തത്. സംരംഭകരുടെ കൂട്ടത്തിൽ 300 പേർ വനിതകളായിരുന്നു. പത്തിലധികം ധാരണാപത്രങ്ങളും ഒപ്പുവച്ചു.