ഇത് വിയർപ്പ് തുന്നിയൊരുക്കിയ വിജയം
Mail This Article
നന്ദിയോട് ∙ ഇല്ലായ്മകളെ കൂസാതെ കഠിനാധ്വാനത്തിലൂടെ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി ജനറൽ വിഭാഗം ഓവറോൾ കിരീടം നേടി നന്ദിയോട് എസ്കെവി എച്ച്എസ്എസ്. ഇതാദ്യമായാണ് നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ എച്ച്എസ്എസ് വിഭാഗത്തിൽ ഓവറോൾ നേട്ടം സ്വന്തമാക്കുന്നത്. മുന്നൊരുക്കങ്ങളുടെ പല ഘട്ടങ്ങളിലും സാമ്പത്തികമായും മറ്റും ബുദ്ധിമുട്ടിയ സ്കൂൾ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും നിശ്ചയദാർഢ്യത്തിനു മുന്നിൽ പതറാതെ മുന്നേറുകയായിരുന്നു.
35 ഇനങ്ങളിലാണ് ജില്ലാ കലോത്സവത്തിൽ മത്സരിച്ചത്. 7 ഇനങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ ടീം പങ്കെടുത്ത മിക്ക ഇനങ്ങളിലും എ ഗ്രേഡ് നേടി 157 പോയിന്റുകൾ സ്വന്തമാക്കി. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തിൽ ഓവറോൾ രണ്ടാമതെത്തി. ഹൈസ്കൂൾ വിഭാഗം സംസ്കൃതോത്സവത്തിലും 70 പോയിന്റുകൾ നേടിയ സ്കൂൾ ഓവറോൾ കിരീടം നേടി. കഴിഞ്ഞ വർഷം 52 കുട്ടികൾ സംസ്ഥാന കലോത്സവത്തിൽ സ്കൂളിൽനിന്നു പങ്കെടുത്തിരുന്നു. ഇത്തവണയും അൻപതോളം കുട്ടികൾ സംസ്ഥാന മേളയ്ക്ക് ഉണ്ടാകും. പരമാവധി പങ്കാളിത്തം കലോത്സവത്തിൽ ഉറപ്പിച്ചതാണ് നേട്ടത്തിലേക്ക് ചുവടുവയ്ക്കുന്നതെന്ന് കോഓർഡിനേറ്റർ എം.എസ്.അനീഷ് ‘മനോരമ’യോടു പറഞ്ഞു.