കൊക്കോട്ടേല– കണിയംവിളാകം- മൈലമൂട്– ചെറുമഞ്ചൽ റോഡ്: പേരിനു റോഡ്; യാത്ര ഓഫ്റോഡ് !
Mail This Article
ആര്യനാട് ∙ പഞ്ചായത്തിൽ കൊക്കോട്ടേല– ഇൗഞ്ചപ്പുരി വാർഡുകളെ ബന്ധിപ്പിക്കുന്ന കൊക്കോട്ടേല– കണിയംവിളാകം- മൈലമൂട്– ചെറുമഞ്ചൽ റോഡ് തകർന്നു തരിപ്പണമായി. മഴയിൽ ചെളിക്കുളം ആകുന്നതോടെ കാൽനടയാത്ര പോലും അസാധ്യം. ചെളിയിൽ ഇരുചക്ര വാഹനങ്ങൾ തെന്നിവീഴുന്നതു പതിവു കാഴ്ചയാണ്. 7 വർഷം മുൻപ് ടാറിങ് നടത്തിയ റോഡിൽ പല സ്ഥലങ്ങളിലും വലിയ കുഴികളായി.
2 കിലോമീറ്ററോളം വരുന്ന റോഡ് ഒട്ടേറെ പേർ യാത്രയ്ക്കായി ആശ്രയിക്കുന്നു. ഇൗഞ്ചപ്പുരി, ചെറുമഞ്ചൽ, കൊടുക്കണ്ണി, കൂടൽഭാഗം, കണിയംവിളാകം തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവരുടെ യാത്ര ഇൗ റോഡിലൂടെയാണ്. കെഎസ്ആർടിസി ബസ് സർവീസും സ്കൂൾ ബസുകളും ഉൾപ്പെടെ ധാരാളം വാഹനങ്ങൾ റോഡിലൂടെ പോകുന്നുണ്ട്. റോഡിന്റെ നവീകരണത്തിനായി 76 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് എടുത്തിട്ടുണ്ടെന്ന് പഞ്ചായത്തംഗം ഇൗഞ്ചപ്പുരി രാജേന്ദ്രൻ പറഞ്ഞു. ഉടനടി ഫണ്ട് അനുവദിച്ച് ജോലികൾ ആരംഭിക്കുന്നതിനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.