അരുമാനൂർക്കട–പ്ലാന്തോട്ടം–പുത്തൻകട റോഡ്: അപകടക്കുഴി എല്ലൊടിക്കുന്നു; കണ്ണുതുറക്കാതെ അധികൃതർ
Mail This Article
നെയ്യാറ്റിൻകര ∙ അരുമാനൂർക്കട – പ്ലാന്തോട്ടം – പുത്തൻകട റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടും ടാർ ചെയ്യുന്നില്ലെന്ന് പരാതി. ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ല. തിരുപുറം പഞ്ചായത്തിലെ പുത്തൻകട, തിരുപുറം വാർഡുകളിലൂടെ കടന്നുപോകുന്ന റോഡാണ് ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയിലായത്.
ഒന്നര കിലോമീറ്ററാണ് റോഡിന്റെ ആകെ ദൈർഘ്യം. ഇതിൽ അരുമാനൂർക്കട മുതൽ പ്ലാന്തോട്ടം വരെയുള്ള അര കിലോമീറ്റർ ദൂരമാണ് പൊട്ടിപ്പൊളിഞ്ഞ നിലയിലായത്. ഈ ഭാഗം 12 വർഷം മുൻപാണ് ടാർ ചെയ്തതെന്നു നാട്ടുകാർ പറയുന്നു. മഴയും വെള്ളക്കെട്ടും കാരണം റോഡിലെ ടാർ ഏതാണ്ട് ഒലിച്ചുപോയി. കല്ലുകൾവരെ ഇളകിയ നിലയിലാണ്. ഓടയും പൊളിഞ്ഞിട്ടുണ്ട്.
അരുമാനൂർക്കട ജംക്‌ഷനു സമീപം ഓടയുടെ സമീപത്തായി വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. പൈപ്‌ലൈൻ സ്ഥാപിക്കാൻ എടുത്ത കുഴി മൂടിയെങ്കിലും മഴയിൽ അതു വീണ്ടും വലിയ കുഴിയായി. ഇവിടെ അപകടങ്ങൾ പതിവാണ്. രാത്രി വെളിച്ചക്കുറവും ഉണ്ട്.അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ സമര മാർഗങ്ങളിലേക്ക് തിരിയാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ. ഫണ്ടില്ലെന്നും വരുന്ന മുറയ്ക്ക് ടാർ ചെയ്യുമെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.