അറവുശാലയിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുങ്ങി
Mail This Article
തിരുവനന്തപുരം ∙ മണിക്കൂറിൽ 60 കന്നുകാലികളെയും ഒരു ഷിഫ്റ്റിൽ 300 ആടുകളെയും കശാപ്പു ചെയ്യാൻ അത്യാധുനിക സൗകര്യം. അറവിന് മുൻപും ശേഷവും മാംസം പരിശോധിച്ച് ഗുണനിലവാരമുള്ളതെന്ന് ഉറപ്പാക്കാൻ സംവിധാനം. കന്നുകാലികളെയും ആടുകളെയും പരിശോധിക്കുന്നത് വെറ്ററിനറി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ... അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കും.കുന്നുകുഴിയിൽ കോർപറേഷന്റെ നിയന്ത്രണത്തിലുള്ള അറവുശാല നവീകരിക്കുമ്പോൾ ഏർപ്പെടുത്തുന്ന നൂതന സൗകര്യങ്ങൾ ഇതൊക്കെ.
10 വർഷമായി പൂട്ടിക്കിടക്കുന്ന അറവുശാലയുടെ ട്രയൽ റൺ ഈ മാസം അവസാനം നടത്താനാണ് തീരുമാനം. മാലിന്യ സംസ്കരണത്തിന്റെ ബയോ കംപോസ്റ്റ്, ബയോ ഫിൽറ്റർ എന്നിവ ഒഴികെയുള്ളവയുടെ നിർമാണം ഇതിനകം പൂർത്തിയായി. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി കൂടി ലഭിച്ച ശേഷമാണ് ട്രയൽ റൺ നടത്തുക. 2.5 കോടി രൂപയുടെ മാലിന്യ സംസ്കരണ പദ്ധതിയാണ് അറവുശാലയിൽ നടപ്പാക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി 38 ആധുനിക യന്ത്രങ്ങളാണ് ഇറക്കുമതി ചെയ്തത്. കന്നുകാലിയെയും ആടുകളെയും കശാപ്പു ചെയ്യുന്നതു മുതൽ ഇറച്ചിയാക്കുന്നതു വരെയുള്ള പ്രവർത്തനങ്ങൾ യന്ത്രങ്ങളാണ് നിർവഹിക്കുക.