ലാബില്‍ വികസിപ്പിച്ച വജ്രവുമായി മലയാളി സ്റ്റാര്‍ട്ടപ്; ആഭരണ വ്യവസായത്തില്‍ വന്‍ കുതിച്ചുചാട്ടം
Mail This Article
തിരുവനന്തപുരം ∙ ഭൂമിക്കടിയില്‍ നിന്ന് ഖനനം ചെയ്‌തെടുക്കുന്ന പ്രകൃതിദത്ത വജ്രത്തിന് ബദലായി അതേ ഗുണനിലവാരത്തോടെ ലാബില്‍ നിര്‍മ്മിച്ച വജ്രാഭരണമെന്ന ആശയവുമായി മലയാളി സ്റ്റാര്‍ട്ടപ്. ആഭരണ വ്യവസായത്തില്‍ വന്‍ പരിവര്‍ത്തനം വരുത്തിയേക്കാവുന്ന 'ലാബ് ഗ്രോണ്‍ ഡയമണ്ട്' എന്ന ആശയവുമായിട്ടാണ് എലിക്‌സര്‍ ജ്വല്‍സ് സ്റ്റാര്‍ട്ടപ് ഉല്‍പ്പന്നം വിപണിയിലെത്തിച്ചിട്ടുള്ളത്.
ഒരു കാരറ്റ് ലാബ് ഗ്രോണ്‍ ഡയമണ്ടിന് 50,000 രൂപയാണ് വില. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ കോവളത്ത് സംഘടിപ്പിച്ച ഹഡില്‍ ഗ്ലോബല്‍-2024 സ്റ്റാര്‍ട്ടപ് സമ്മേളനത്തിലാണ് എലിക്‌സറിന്റെ വജ്രാഭരണങ്ങള്‍ പുറത്തിറക്കിയത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഉടന്‍ വിപണനം ആരംഭിക്കും.
സാധാരണക്കാര്‍ക്കും വജ്രാഭരണങ്ങള്‍ വാങ്ങാന്‍ സാഹചര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലാബില്‍ വജ്രം നിര്‍മ്മിക്കുകയെന്ന ആശയത്തിലേക്ക് എത്തിയതെന്ന് എലിക്‌സര്‍ ഫൗണ്ടര്‍ പി.ആര്‍. സായ്‌രാജ്, കോ-ഫൗണ്ടര്‍മാരായ മിഥുന്‍ അജയ്, മുനീര്‍ മുജീബ് എന്നിവര്‍ പറഞ്ഞു.