ADVERTISEMENT

തിരുവനന്തപുരം ∙ കോഴിക്കോട് ജില്ലയിലെ വിലങ്ങാട്ട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവരുടെ പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. വിലങ്ങാട്ടെ പുനരധിവാസവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നത തല യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ചൂരല്‍മലയിലെ ദുരന്തബാധിതര്‍ക്കു നല്‍കുന്ന അതേ പരിഗണന വിലങ്ങാട്ടും നല്‍കുമെന്നും മന്ത്രി അറിയിച്ചു. 

ദുരന്തബാധിത പ്രദേശങ്ങളില്‍ ഡ്രോണ്‍ ഇമാജിനേഷന്‍ എന്ന സ്ഥാപനം സര്‍വേ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളില്‍ കോഴിക്കോട് എന്‍ഐടിയിലെ വിദഗ്ദ സംഘം പരിശോധന നടത്തി പ്രദേശങ്ങള്‍ വാസയോഗ്യമാണോ എന്ന കാര്യത്തില്‍ റിപ്പോര്‍ട്ട് തയാറാക്കി ജനുവരിയിൽ കൈമാറുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത പ്രദേശങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കുന്ന വിളകളെ സംബന്ധിച്ച് പഠനം നടത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധരടങ്ങുന്ന പ്രത്യേക സംഘത്തെ നിയോഗിക്കുന്നതിനും യോഗം തീരുമാനിച്ചു. 

ഉരുള്‍പൊട്ടലിന്റെ ഫലമായി പുഴയില്‍ അടിഞ്ഞു കൂടിയ എക്കലും മറ്റു അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായി 2 കോടി രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും അനുവദിക്കും. ഇതിനായി മേജര്‍ ഇറിഗേഷന്‍ റിപ്പോര്‍ട്ടും എസ്റ്റിമേറ്റും തയാറാക്കി ജില്ലാ കലക്ടര്‍ മുഖനേ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ദുരന്തത്തില്‍ തകര്‍ന്നവ പുനര്‍ നിര്‍മിക്കുന്നതിനുള്ള 7 പ്രവൃത്തികള്‍ക്കായി 49,60,000 രൂപ മൈനര്‍ ഇറിഗേഷന്‍ എസ്റ്റിമേറ്റ് തയാറാക്കി ചീഫ് എൻജിനീയര്‍ മുഖേന ജലവിഭവ വകുപ്പിന്റെ അഡീഷനല്‍ ചീഫ് സെക്രട്ടറി കണ്ട് റവന്യൂ ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കൈമാറുന്ന മുറയ്ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്ന് അനുവദിക്കുന്നതിനും യോഗം തീരുമാനിച്ചു. 

പുഴയുടെ തകര്‍ന്ന പാര്‍ശ്വ ഭിത്തികള്‍ പുനര്‍നിര്‍മിക്കുന്നതിന് 3,13,47,165 രൂപയാണ് എസ്റ്റിമേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. അതില്‍ കല്ലിന്റെ വിലയായി കണ്ടെത്തിയ 1,19,94,145 രൂപ ഒഴികെയുള്ള 1,93,53,020 രൂപ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തണമെന്നും യോഗം തീരുമാനമെടുത്തു. ദുരന്തബാധിതരായി താൽകാലിക വാടക വീടുകളില്‍ താമസിക്കുന്ന 92 കുടുംബങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള 6000 രൂപ വീതം കൃത്യമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. 

ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്കായുള്ള ധനസഹായത്തിന്റെ ഭാഗമായി ഒരു കുടുംബങ്ങളിലെ മുതിര്‍ന്ന രണ്ടു പേര്‍ക്ക് നല്‍കാന്‍ തീരുമാനിച്ച 300 രൂപ ദിവസ വേതനം 90 ദിവസത്തേക്ക് പൂര്‍ണമായും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള നഷ്ടപരിഹാര തുക സര്‍ക്കാര്‍ തീരുമാനിക്കുന്നതിന് അനുസരിച്ച് അതിവേഗം നടത്താനും അതുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ കലക്ടര്‍, എംഎല്‍എ, തദ്ദേശ സ്ഥാപന അധികാരികള്‍ എന്നിവര്‍ ചേര്‍ന്ന്  തയാറാക്കുന്നതിനും യോഗം നിര്‍ദേശം നല്‍കി.

യോഗത്തില്‍ ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി, എ.കെ. ശശീന്ദ്രന്‍, നാദാപുരം എംഎല്‍എ ഇ.കെ.വിജയന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, പിസിസിഎഫ് രാജേഷന്‍, ലാൻഡ് റവന്യൂ കമ്മിഷണര്‍ എ.കൗശികന്‍, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍, ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.

English Summary:

Vilangad Landslide Victims to Receive Expedited Rehabilitation: Minister K Rajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com