പാർട്ടി മാറിയ 2 നേതാക്കൾക്ക് ഒരേ ദിവസം സ്വീകരണം; സന്ദീപ് വാരിയർക്ക് ഇന്ദിരാഭവനിൽ, മധു മുല്ലശേരിക്ക് മാരാർജി ഭവനിൽ
Mail This Article
തിരുവനന്തപുരം∙ ബിജെപിയിൽനിന്നു കോൺഗ്രസിലെത്തിയ സന്ദീപ് വാരിയർക്കും സിപിഎമ്മിൽനിന്നു ബിജെപിയിലെത്തിയ മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരിക്കും ഒരേദിവസം ഇരു പാർട്ടികളുടെയും സംസ്ഥാന കമ്മിറ്റി ഓഫിസിൽ സ്വീകരണം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മധു മുല്ലശേരിയെയും മകനെയും മാരാർജി ഭവനിൽ ബിജെപിയിലേക്കു കൈപിടിച്ചാനയിച്ചപ്പോൾ, സന്ദീപ് വാരിയർക്കു സംഘടനാ ജനറൽ സെക്രട്ടറി എം.ലിജുവിന്റെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ ഊഷ്മള വരവേൽപു നൽകി. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെയാണ്, ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിൽ ബിജെപി വിട്ട സന്ദീപ് ആദ്യമായി ഇന്ദിരാഭവന്റെ പടി കയറിയത്.
ബിജെപിക്കെതിരെ രൂക്ഷ വിമർശനമുയർത്തിയ സന്ദീപ് വാരിയർ, തിരുവനന്തപുരത്തേക്കുള്ള ട്രെയിനിൽ ബിജെപി പ്രസിഡന്റ് കെ.സുരേന്ദ്രനെ മുഖാമുഖം കണ്ട അനുഭവം മാധ്യമങ്ങളോടു പങ്കുവച്ചു. വന്ദേഭാരതിൽ പ്രതിപക്ഷ നേതാവും ഷാഫി പറമ്പിൽ എംപിയും ഇരുന്നതിന്റെ മുൻപിലെ സീറ്റിൽ കെ.സുരേന്ദ്രനുണ്ടായിരുന്നു. തൊട്ടടുത്ത കോച്ചിൽനിന്ന് പ്രതിപക്ഷ നേതാവിന്റെ കോച്ചിലെത്തിയ സന്ദീപും സുരേന്ദ്രനും മുഖാമുഖം കണ്ടെങ്കിലും മിണ്ടിയില്ല. തനിക്കു തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകുന്നുവെന്ന വിവരം മനസ്സിലാക്കി സുരേന്ദ്രൻ ബിജെപി നേതാക്കളെ വിളിച്ച് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം തട്ടിക്കൂട്ടിയെന്നായിരുന്നു സന്ദീപിന്റെ ആരോപണം.
ഇതിന്റെ പകുതി ഉത്സാഹം പാലക്കാട്ട് കാണിച്ചിരുന്നെങ്കിൽ ജയിക്കില്ലായിരുന്നോയെന്ന ഒളിയമ്പുമെയ്തു. കെപിസിസി ഓഫിസിലെ സ്വീകരണത്തിനു ജനറൽ സെക്രട്ടറി ജി.എസ്.ബാബു, രാഷ്ട്രീയകാര്യ സമിതിയംഗം ചെറിയാൻ ഫിലിപ് തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ.ആന്റണിയെ സന്ദർശിച്ച സന്ദീപ്, രാഹുൽ മാങ്കൂട്ടത്തിലിന്റെ സത്യപ്രതിജ്ഞാച്ചടങ്ങിലും പങ്കെടുത്തു.
സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ഏരിയ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചു പരാജയപ്പെട്ടതിനെത്തുടർന്നാണു ജില്ലാ നേതൃത്വത്തിനെതിരെ ആരോപണമുയർത്തി പാർട്ടി വിട്ടത്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടിലെത്തി ബിജെപിയിലേക്കു ക്ഷണിച്ചതിനു പിന്നാലെയാണ്, ഇന്നലെ ബിജെപി ആസ്ഥാനത്ത് സ്വീകരണമൊരുക്കിയത്. മധു, മകൻ മിഥുൻ എന്നിവർക്കു കെ.സുരേന്ദ്രൻ അംഗത്വം നൽകി. സിപിഎമ്മിൽനിന്നു ബിജെപിയിലെത്തിയ നേതാക്കൾക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി..
സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശംഒറ്റപ്പെട്ടതാകില്ല:രാഹുൽ
തിരുവനന്തപുരം∙ സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശം ഒറ്റപ്പെട്ട സംഭവമായി കാണേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സിപിഎമ്മിനെയും ബിജെപിയെയും ഞെട്ടിച്ചുകൊണ്ട് ഇനിയും ഒട്ടേറെ പേർ കോൺഗ്രസിലേക്ക് കടന്നു വരുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷനായി. സന്ദീപ് വാരിയർ, എം.വിൻസന്റ് എംഎൽഎ, വർക്കല കഹാർ, ചെമ്പഴന്തി അനിൽ, ജി.എസ്.ബാബു, കെ.എസ്.ഗോപകുമാർ ഗോപു നെയ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.
സിപിഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടു: കെ.സുരേന്ദ്രൻ
സിപിഎമ്മിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടുവെന്നും പിണറായിയിൽ നിന്നു തുടങ്ങിയ പാർട്ടി പിണറായിയിൽ തന്നെ അവസാനിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശ്ശേരിക്ക് അംഗത്വം നൽകുന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു സുരേന്ദ്രൻ. സംസ്ഥാനത്താകെ സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് പ്രവർത്തകരും നേതാക്കളും ഒഴുകുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു
ജനങ്ങൾ ഇടതുപക്ഷത്തിന് ബദലായി കാണുന്നത് ബിജെപിയെയാണ്. പാർട്ടി മാറുന്നവർക്കെതിരെ സർക്കാർ കള്ളക്കേസെടുക്കുകയാണ്. ബിപിൻ സി ബാബുവിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുത്തത് ഇതിന്റെ ഉദാഹരണമാണ്.മധു മുല്ലശ്ശേരിക്കൊപ്പം മകനും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായ മിഥുൻ മുല്ലശ്ശേരിയും ബിജെപിയിൽ ചേർന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, സംസ്ഥാന ഉപാധ്യക്ഷരായ വി.ടി. രമ, സി.ശിവൻകുട്ടി, സംസ്ഥാന സെക്രട്ടറിമാരായ കരമന ജയൻ, എസ്.സുരേഷ്, ജെ.ആർ.പത്മകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.