തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണം: കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തി ശശി തരൂർ
Mail This Article
തിരുവനന്തപുരം ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ യൂസർ ഫീസ് കുറയ്ക്കണമെന്ന് ഡോ. ശശി തരൂർ എംപി ആവശ്യപ്പെട്ടു. മന്ത്രി റാംമോഹൻ നായിഡുവുമായുള്ള കൂടിക്കാഴ്ച സൗഹൃദപരവും ക്രിയാത്മകവുമായിരുന്നുവെന്നും
ഉന്നയിച്ച് നാല് പ്രധാന പ്രശ്നങ്ങളിലും അനുകൂല നടപടിയുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകിയതായും തരൂർ പറഞ്ഞു.
എയർപോർട്ട് അതോരിറ്റി ഓഫ് ഇന്ത്യയുടെ ഭരണത്തിന് കീഴിലുള്ള വിമാനത്താവളങ്ങളിൽ നിലവിലുള്ളതുപോലെ, സ്വകാര്യ വിമാനത്താവളങ്ങൾക്കും എയർപോർട്ട് ഉപദേശക സമിതി രൂപീകരിക്കണമെന്നും തരൂർ മന്ത്രിയോട് അഭ്യർത്ഥിച്ചു. ഇത് ജനപ്രതിനിധികൾ, പോലീസ്, കസ്റ്റംസ്, ഇമിഗ്രേഷൻ, പ്രാദേശിക ഭരണകൂടങ്ങൾ എന്നിവയ്ക്കിടയിൽ വിവിധ വിഷയങ്ങളിൽ ഏകോപനം ഉണ്ടാക്കുവാൻ ഉപകരിക്കും.
സ്വകാര്യ എയർപോർട്ടുകൾ ഈടാക്കുന്ന ഉപയോക്തൃ വികസന ഫീസ് അവലോകനം ചെയ്യുകയും കുറയ്ക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. വർധിച്ച യൂസർ ഫീസ് സാധാരണ യാത്രക്കാരുടെ മേൽ അധിക ഭാരം സൃഷ്ടിക്കുന്നതാണ്. നിലവിൽ കൂടുതൽ തിരക്കുള്ള വിമാനത്താവളങ്ങൾക്കിടയിലുള്ള ഫ്ലൈറ്റുകൾക്ക് സബ്‌സിഡി നൽകുന്ന ഉഡാൻ പദ്ധതി, തിരക്കു കുറഞ്ഞ റൂട്ടുകളിലെ വിമാനങ്ങൾക്ക് കൂടി നൽകേണ്ടതിന്റെ ആവശ്യകത മന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ തരൂർ ചൂണ്ടിക്കാട്ടി.
വെബ് ബുക്കിങ്ങുകളിൽ ‘ഡാർക്ക് പാറ്റേണുകൾ’ ഉപയോഗിക്കുന്ന എയർലൈനുകളുടെ ശീലത്തെക്കുറിച്ചുള്ള ഉപഭോക്തൃകാര്യ വകുപ്പിന്റെ റിപ്പോർട്ടിൽ സിവിൽ ഏവിയേഷൻ മന്ത്രാലയം അടിയന്തിരമായി നടപടിയെടുക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.