ADVERTISEMENT

തിരുവനന്തപുരം∙ യൂണിവേഴ്സിറ്റി കോളജിൽ എതിരാളികളെ കൈകാര്യം ചെയ്യാൻ വീണ്ടും ഇടിമുറി തുറന്ന് എസ്എഫ്ഐ. കോളജിലെ ഓഫിസിനു സമീപത്താണു യൂണിയൻ ഓഫിസ് എന്നു വിശേഷിപ്പിക്കുന്ന ഇടിമുറി. എസ്എഫ്ഐയുടെ യൂണിറ്റ് കമ്മിറ്റി ഓഫിസും ഇവിടെയാണ്. വിചാരണയ്ക്കും മർദനത്തിനും എസ്എഫ്ഐ താവളമാക്കുകയാണ് ഇവിടം. കഴിഞ്ഞ ദിവസം ഭിന്നശേഷിക്കാരനായ വിദ്യാർഥി മുഹമ്മദ് അനസിനെ ഇവിടെ ബന്ദിയാക്കിയാണ് എസ്എഫ്ഐ നേതാക്കൾ ക്രൂരമായി ആക്രമിച്ചത്.  മുൻപ് ക്യാംപസിന്റെ ഒത്തനടുക്കായിരുന്നു യൂണിറ്റ് ഓഫീസ് ആയി പ്രവർത്തിച്ചിരുന്ന ഇടിമുറി.

എസ്എഫ്ഐ നേതാക്കൾ പ്രതിയായ കത്തിക്കുത്തു കേസിന്റെ പശ്ചാത്തലത്തിൽ കോളജിൽ പൊലീസ് പരിശോധന നടത്തുകയും ഇടിമുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികളും ആയുധങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ അന്ന് ഇടിമുറി ഒഴിപ്പിച്ച് ക്ലാസ്മുറിയാക്കി. ഇപ്പോൾ വീണ്ടും അനധികൃതമായി യൂണിയൻ ഓഫിസ് ആരംഭിച്ച് സമാന്തര അധികാര കേന്ദ്രമായി പ്രവർത്തിക്കുകയാണ് എസ്എഫ്ഐ. എതിർക്കുന്നവരെ ഈ മുറിയിലിട്ട് മർദിക്കുന്ന പതിവുണ്ടെന്ന വിദ്യാർഥികളുടെ പരാതി ശരിവയ്ക്കുന്നതാണ് അനസിനും അഫ്സലിനും നേരിട്ട അനുഭവം

മൂന്നുമാസത്തിനിടെ രണ്ടാമത്തെ പരാതി
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കൾക്ക് എതിരെ മൂന്നു മാസത്തിനിടെ രണ്ടാമത്തെ പരാതിയാണ് പൊലീസിനു ലഭിക്കുന്നത്. ഒക്ടോബറിൽ കെഎസ്‌യുവിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനം തടയുകയും വനിതാ നേതാവിന്റെ മുഖത്തടിക്കുകയും ചെയ്തെന്നായിരുന്നു എസ്എഫ്ഐ നേതാക്കൾക്ക് എതിരെ ഉയർന്ന പരാതി. വനിതാപ്രതിനിധിയായി മത്സരിക്കുന്ന ഒന്നാംവർഷ വിദ്യാർഥി നയനയ്ക്കാണ് അന്ന് അടിയേറ്റത്.

വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ചിത്രങ്ങൾ എടുക്കാൻ കെഎസ്‌യു വനിതാ പ്രവർത്തകർ ഫൊട്ടോഗ്രഫറുമായി കോളജിൽ കയറിയതു എസ്എഫ്ഐ നേതാക്കൾ തടഞ്ഞു. അനുവാദമില്ലാതെ പുറത്തുനിന്നുള്ളവർ കോളജിൽ കയറി ചിത്രങ്ങൾ എടുത്തത് ചോദ്യം ചെയ്താണ് എസ്എഫ്ഐക്കാർ ബഹളംവച്ചത്. ഇതിന്റെ ദൃശ്യം മൊബൈൽഫോണിൽ പകർത്തിയ നയനയെ മുഖത്ത് അടിച്ചെന്നായിരുന്നു കെഎസ്‌യുവിന്റെ പരാതി.

റാഗിങ്ങിനു കേസില്ല
രണ്ടാം വർഷ വിദ്യാർഥി മുഹമ്മദ് അനസിനെ ഒരു മണിക്കൂറോളം തടഞ്ഞുവച്ച് ആക്രമിച്ച എസ്എഫ്ഐ നേതാക്കളിൽ സീനിയർ വിദ്യാർഥികളുമുണ്ട്. സ്വാഭാവികമായും റാഗിങ്ങിനു കേസെടുക്കേണ്ടതാണെങ്കിലും പൊലീസ് അതു ചെയ്തിട്ടില്ല. ഭിന്നശേഷി അവകാശ നിയമത്തിലെ 92 (എ), 92(ബി) വകുപ്പുകളാണു ചുമത്തിയത്. രാഷ്ട്രീയ ഇടപെടലും പ്രതികളിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥന്റെ അടുത്ത ബന്ധുവായതും കാരണം പ്രതികളെ പിടിക്കാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. 

ദൃശ്യം പുറത്ത്
ഇടിമുറിയിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾ വിദ്യാർഥികളെ വിളിച്ചുവരുത്തി വിചാരണ നടത്തുന്ന ദൃശ്യം പുറത്ത്. മൂന്നാംവർഷ ബിരുദ വിദ്യാർഥികളായ രണ്ടുപേരെ യൂണിറ്റ് ഓഫിസിൽ ഇരുത്തി ഭീഷണിപ്പെടുത്തുന്നതാണ് ദൃശ്യത്തിൽ. പത്തോളം വരുന്ന എസ്എഫ്ഐക്കാർ വളഞ്ഞു നിൽക്കുമ്പോൾ, യൂണിറ്റ് ഭാരവാഹി തല്ലിത്തീർക്കാൻ വെല്ലുവിളിക്കുന്നതും കാണാം. 

English Summary:

SFI has come under fire for allegedly reopening its "torture room" at University College, where student Muhammed Anass was reportedly assaulted. The room, described as a "union office," raises concerns about student safety and political violence.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com