വന്ദേഭാരത് ട്രെയിനിന്റെ തകരാർ പരിഹരിച്ചു; തകരാറിലായത് സ്പെയർ റേക്ക്
Mail This Article
തിരുവനന്തപുരം∙ തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിന്റെ സാങ്കേതിക തകരാർ പരിഹരിച്ചു. ബുധനാഴ്ച വൈകിട്ട് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഷൊർണൂരിൽ തകരാറിലായ ട്രെയിൻ ഇലക്ട്രിക് എൻജിൻ ഉപയോഗിച്ചാണു പിന്നീട് സർവീസ് നടത്തിയത്. മൂന്നര മണിക്കൂറോളം വൈകി ഇന്നലെ പുലർച്ചെ 2.15നാണു ട്രെയിൻ തിരുവനന്തപുരത്ത് എത്തിയത്. കൊച്ചുവേളി യാഡിൽ എത്തിച്ച ട്രെയിനിലെ തകരാർ 2 മണിക്കൂറിനുള്ളിൽ പരിഹരിച്ചു. ട്രെയിനിലെ കമ്യൂണിക്കേഷൻ സർക്കീട്ടിലുണ്ടായ പ്രശ്നമാണു സർവീസ് തടസ്സപ്പെടാൻ ഇടയാക്കിയതെന്നാണു നിഗമനം. ട്രയൽ റൺ നടത്തിയ ശേഷം ട്രെയിൻ ഇന്നു സർവീസിന് ഉപയോഗിക്കുമെന്ന് അധികൃതർ പറഞ്ഞു. സീനിയർ ഡിവിഷനൽ മെക്കാനിക്കൽ എൻജിനീയർ രാകേഷ് കെ.പ്രഭു,സെക്‌ഷൻ എൻജിനീയർമാരായ അമൽനാഥ്,കിരൺ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ട്രെയിൻ പരിശോധിച്ചു. തകരാർ സംബന്ധിച്ച റിപ്പോർട്ട് ദക്ഷിണ റെയിൽവേക്കു കൈമാറുമെന്ന് അധികൃതർ അറിയിച്ചു. നിലവിലുണ്ടായിരുന്ന വന്ദേഭാരത് റേക്ക് അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് അയച്ചപ്പോൾ പകരം മധ്യ റെയിൽവേയിൽനിന്നു ലഭിച്ച സ്പെയർ റേക്കാണ് തകരാറിലായത്.