പൊള്ളിവെന്ത് പച്ചക്കറിവില; ഒരു മാസത്തിനിടെ സവാളയ്ക്ക് കൂടിയത് 45 രൂപ
Mail This Article
തിരുവനന്തപുരം ∙ പച്ചക്കറികൾക്ക് പൊള്ളുന്ന വില. തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്ന വ്യാപക കൃഷിനാശമാണ് ഒരു മാസത്തിനിടെ വില വർധനയ്ക്ക് കാരണമെന്നു വ്യാപാരികൾ പറയുന്നു. വില ഉയരുമ്പോൾ വിപണിയിൽ ഇടപെടൽ നടത്താനും വില നിയന്ത്രിക്കാനും സർക്കാർ തയാറാകുന്നില്ലെന്ന് ആക്ഷേപം. ഒരു മാസം മുൻപ് കിലോയ്ക്ക് 30 രൂപയായിരുന്ന സവാളയ്ക്ക് ഇന്നലെ തിരുവനന്തപുരം ചാല മാർക്കറ്റിൽ 75 രൂപയാണ് വില (മൊത്ത വില– ഹോൾസെയിൽ). ഇതിൽനിന്ന് 10 രൂപ കൂട്ടിയാണ് പലയിടത്തും ചില്ലറ വിൽപന. ചെറിയ ഉള്ളി, ഉരുളക്കിഴങ്ങ് എന്നിവയുടെ വിലയും കിലോയ്ക്ക് 30–35–40 രൂപയായിരുന്നു ഒരു മാസം മുൻപ്. ഇന്നലെ ചെറിയ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയായി (മൊത്ത വില). ഉരുളക്കിഴങ്ങിന് കിലോയ്ക്ക് 65 രൂപയാണ് ഇന്നലത്തെ മൊത്ത വിലയെന്ന് ഇന്ത്യൻ നാഷനൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പാളയം അശോക് പറഞ്ഞു.
തക്കാളി, ബീൻസ്, കാരറ്റ്, ബീറ്റ്റൂട്ട്, അമര, മുരിങ്ങക്കായ, തൊണ്ടൻമുളക്(വലിയ മുളക്), വെളുത്തുള്ളി എന്നിവയ്ക്കും തീവിലയാണ്. തക്കാളി കിലോയ്ക്ക് 30 രൂപയായിരുന്നത് 60 ആയി. ബീൻസ് വില 40 ൽ നിന്ന് 80 ആയും, കാരറ്റ് 35–40 രൂപയിൽ നിന്ന് 80 ആയും കൂടി. അമരയുടെ വില 30 ആയിരുന്നത് 70 ആയി ഉയർന്നു. 40 മുതൽ 50 വരെ രൂപയായിരുന്ന മുരിങ്ങക്കായയ്ക്ക് ഇന്നലെ കിലോയ്ക്ക് 300 രൂപ. തൊണ്ടൻമുളക്(വലിയമുളക്) 50 ആയിരുന്നത് 200 ആയി. വെളുത്തുള്ളി 150–200 ആയിരുന്നത് 400 ആയി ഉയർന്നു.ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന കൃഷി വകുപ്പിന്റെ ഹോർടികോർപ് വിൽപനശാലകളിലും ചില ഇനങ്ങൾക്ക് വില കൂടുതലാണ്.
ഹോർട്ടികോർപ് വിൽപനശാലകളിലെ ഇന്നലത്തെ പച്ചക്കറി വില (കിലോയ്ക്ക്)
∙അമര– 69
∙കത്തിരി– 42
∙കത്തിരി(നാടൻ)– 65
∙വഴുതന– 46
∙വെണ്ട– 35
∙പാവയ്ക്ക(നാടൻ)– 75
∙പയർ–(നാടൻ)– 99
∙തടിയൻ– 25
∙മത്തൻ– 28
∙ചെറിയ മുളക്– 55
∙വലിയമുളക്(തൊണ്ടൻമുളക്)– 190
∙പേയൻ കായ്– 30
∙പടവലം– 48
∙മാങ്ങ– 55
∙കാരറ്റ്(ഊട്ടി)– 90
∙ബീൻസ്– 70
∙വെള്ളരി– 42
∙തക്കാളി– 60
∙കാബേജ്– 46
∙കോളിഫ്ലവർ– 62
∙ചെറിയ നാരങ്ങ– 55
∙വലിയ നാരങ്ങ– 90
∙മുരിങ്ങക്കായ– 140
∙ഇഞ്ചി– 70
∙ബീറ്റ്റൂട്ട്– 60
∙ചേന– 65
∙സവാള (പുണെ)– 75
∙ചെറിയ ഉള്ളി– 62
∙ഉരുളൻകിഴങ്ങ്– 57
∙മല്ലിയില– 90
∙കറിവേപ്പില– 52
∙ഏത്തൻകായ് (നാടൻ)– 70
∙എത്തൻപഴം (നാടൻ– 72
∙നാളികേരം– 69
∙കൂർക്ക– 99
∙വെളുത്തുള്ളി– 360
∙കാപ്സിക്കം– 63
∙കോവയ്ക്ക (നാടൻ)– 70