കേരളത്തിലെ 31 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് 10ന്; വോട്ടെണ്ണൽ 11ന്
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തെ 31 തദ്ദേശവാർഡുകളിൽ 10ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, ആധാർകാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നു തിരഞ്ഞെടുപ്പ് തീയതിക്ക് 6 മാസം മുൻപുവരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
വോട്ടു ചെയ്യുന്നവരുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിനു പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക. ലോക്സഭാ, നിയമസഭാ ഉപതിരഞ്ഞെടുപ്പുകൾ ഈയിടെ നടന്നതിനാലാണിത്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലായി 4 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 3 നഗരസഭാ വാർഡുകൾ, 23 ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 50 പേർ സ്ത്രീകൾ. വോട്ടെടുപ്പിന് 192 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.
പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ ഏർപ്പെടുത്തും. വോട്ടെണ്ണൽ 11ന് രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഫലം www.sec.kerala.gov.in വെബ്സൈറ്റിലെ TRENDൽ ലഭ്യമാകും.