നവവധു മരിച്ച സംഭവം: അജാസ് ഇന്ദുജയെ ശംഖുമുഖത്ത് കൊണ്ടുപോയി കാറിൽ വച്ച് മർദിച്ചു
Mail This Article
പാലോട്∙ പെരിങ്ങമ്മല ഇടിഞ്ഞാർ കൊന്നമൂട് ആദിവാസി നഗറിൽ ശശിധരൻകാണി, ഷീജ ദമ്പതികളുടെ മകൾ ഇന്ദുജ(25) നന്ദിയോട് ഇളവട്ടത്തെ ഭർതൃ ഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. ഭർത്താവ് ഇളവട്ടം എൽപി സ്കൂളിന് സമീപം ശാലു ഭവനിൽ നന്ദു എന്ന അഭിജിത്ത് ദേവൻ (25), സുഹൃത്ത് പെരിങ്ങമ്മല പഞ്ചായത്ത്് ജംക്‌ഷന് സമീപം എ.ടി. കോട്ടേജിൽ ടി.എ. അജാസ്(26) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാൻഡ് ചെയ്തു. സംഭവത്തിൽ അജാസിന്റെ സാന്നിധ്യമാണ് കേസിനു വഴിത്തിരിവായതും അറസ്റ്റിലേക്കു വഴിതെളിച്ചതും അഭിജിത്തിന്റെയും അജാസിന്റെയും പേരിൽ ഭർതൃപീഡനം, ശാരീരിക പീഡനം, ആയുധം ഉപയോഗിച്ചുള്ള മർദനം, തെറ്റിദ്ധാരണ ജനിപ്പിക്കൽ, ഗൂഢാലോചന, മാനസിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയത്. അജാസിന്റെ പേരിൽ എസ്‌സി, എസ്ടി പീഡനം കൂടി ചേർത്തിട്ടുണ്ട്.
അഭിജിത്തും ഇന്ദുജയും വിവാഹം കഴിഞ്ഞ നാൾ മുതൽ ഇന്ദുജയുടെ സുഹൃത്തുക്കളെ ബന്ധപ്പെടുത്തി ഇവർ തമ്മിൽ വാക്കുതർക്കങ്ങൾ നടന്നിരുന്നതായി പൊലീസ് പറയുന്നു. ഗാർഹിക പീഡനം ആരോപിച്ചു പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയെങ്കിലും അതിനു തെളിവില്ലെന്നും ഇന്ദുജയുടെ ദേഹത്ത് കണ്ട പാടുകൾ അജാസ് മർദിച്ചതു മൂലമാണെന്നും പറയുന്നു. കാട്ടാക്കട ഡിവൈഎസ്പി എൻ. ഷിബു, പാലോട് എസ്എച്ച്ഒ അനീഷ്കുമാർ, എസ്.ഐമാരായ റഹിം, രാജൻ എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ദുജയുടെ മരണവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത ഭർത്താവ് അഭിജിത്തിന്റെ മൊഴിയിൽ അജാസിന്റെ പേര് കടന്നു വന്നതാണ് കേസിന് വഴിത്തിരിവായത്.
മരിക്കുന്നതിനു മൂന്നു ദിവസത്തിന് മുൻപ് അജാസ് ഇന്ദുജയെ ശംഖുമുഖത്ത് കൊണ്ടുപോയി കാറിൽ വച്ച് മർദിച്ചതായി അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ആദ്യം നിഷേധിച്ച അജാസ് പിന്നീട് അത് സമ്മതിച്ചുവെന്നും പറയുന്നു. ഇന്ദുജ മരിക്കുന്നതിനു മുൻപ് ആരെയോ ഫോൺ ചെയ്തതായി അഭിജിത്തിന്റെ അമ്മൂമ്മ പറഞ്ഞതനുസരിച്ച് നടത്തിയ അന്വേഷണത്തിൽ അജാസിനെയാണ് വിളിച്ചതെന്നു സൂചനയുണ്ട്. അറസ്റ്റ് നടന്നെങ്കിലും അജാസിന്റെ പങ്കും അനുബന്ധ വിഷയങ്ങളും കൂടുതൽ പ്രതികൾ ഉണ്ടോ എന്നതടക്കം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കുമെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നെടുമങ്ങാട് ഡിവൈഎസ്പി ഏറ്റെടുത്തിട്ടുണ്ട്.