ബോർഡുകൾ നടപ്പാതയിലേക്ക്, ജനം റോഡിലേക്ക്, അപകടം കണ്മുന്നിൽ
Mail This Article
തിരുവനന്തപുരം ∙ പെട്ടിക്കടകളുടെ വരെ ബോർഡുകൾ നിരത്തുകൾ കയ്യടക്കിയതോടെ ജനം ദുരിതത്തിലായി. ഇതിനൊപ്പം അനധികൃത പാർക്കിങ്ങും കൂടിയായതോടെ വാഹനങ്ങൾ മുന്നോട്ടുള്ള വഴി കണ്ടെത്താൻ പ്രയാസപ്പെട്ട് അപകടയാത്രകളിലേക്കു നീങ്ങുന്നു. നിരത്തുകൾ ഗതാഗതത്തിനോ കടകളുടെ ബോർഡുകൾ സ്ഥാപിക്കാനോ കാൽനടയാത്രയ്ക്കോ എന്ന് ഉത്തരം പറയേണ്ടത് ട്രാഫിക് പൊലീസ് ആണ്. പൊലീസിന് ഉത്തരം മുട്ടുമെങ്കിലും റോഡുകളുടെ നിലവിലെ അവസ്ഥ ഈ ചിത്രങ്ങൾ വെളിപ്പെടുത്തും. ഹൈക്കോടതിയുടെ നിരന്തര വിമർശനങ്ങൾ ഉണ്ടായിട്ടും കോർപറേഷനും തദ്ദേശ വകുപ്പും നടപടിയെടുക്കുന്നുമില്ല.
നഗരത്തിലെ ഗതാഗതക്കുരുക്കിനു കാരണം കണ്ടെത്താൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്
∙ മുൻപ് ബോർഡുകൾ കടകൾക്കു മുൻപിലായിരുന്നു. ഇപ്പോൾ അത് നിരത്തുകൾ കയ്യടക്കി. റോഡിന്റെ രണ്ടു മീറ്റർ വരെ കവർന്ന് ഓരോ കടകൾക്കു മുൻപിലും ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നു. ഫലമോ വാഹനങ്ങൾക്ക് പോകാൻ ഇടമില്ല. വാഹന യാത്രക്കാരുടെ ശ്രദ്ധ മുഴുവൻ ബോർഡുകളിൽ ആയതോടെ അപകടങ്ങളും നിത്യസംഭവം. ഏറ്റവും തിരക്കേറിയ സെക്രട്ടേറിയറ്റിനു മുന്നിലെ കടകൾക്ക് മുന്നിൽ റോഡിൽ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. വാഹനം പാർക്ക് ചെയ്ത ശേഷമുള്ള സ്ഥലത്താണ് ചാലയിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. വാൻറോസ് ജംക്‌ഷനിൽ നിന്ന് ജേക്കബ്സ് ജംക്‌ഷനിലേക്ക് പോകുന്ന റോഡിന്റെ ഒരു വശം നിറയെ ബാർഡുകളാണ്.
മിക്കയിടത്തും റോഡിലും നടപ്പാതയിലും ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. റോഡുകൾ കയ്യടക്കി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ ട്രാഫിക് സൗത്ത്, നോർത്ത് അസിസ്റ്റന്റ് കമ്മിഷണർമാരുടെ നേതൃത്വത്തിൽ മാസങ്ങൾക്ക് മുൻപ് പ്രത്യേക പദ്ധതി നടപ്പാക്കിയെങ്കിലും വൻകിടക്കാരുടെ ബോർഡുകളിൽ തൊട്ടപ്പോൾ പൊലീസിനും പൊള്ളി. പരിശോധനയ്ക്ക് ഒരാഴ്ച മാത്രമായിരുന്നു ആയുസ്സ്. ചെറിയ പരസ്യ ബോർഡുകളിൽ നിന്നു പോലും നികുതി ഈടാക്കാൻ സ്വകാര്യ വ്യക്തിയെ കോർപറേഷൻ ചുമതലപ്പെടുത്തിയ ശേഷമാണ് ഗതാഗതം തടസ്സപ്പെടുത്തി റോഡുകളിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇത്തരം ബോർഡുകൾക്ക് നികുതി ഈടാക്കാൻ വ്യവസ്ഥ ഇല്ലാത്തതിനാൽ കരാർ ഏറ്റെടുത്ത ഏജൻസി ഇവ ഒഴിവാക്കി. വൻ തുക മുടക്കി കൂറ്റൻ ബോർഡുകൾ കടകൾക്ക് മുൻപിൽ സ്ഥാപിക്കുന്നതിനെക്കാൾ ലാഭം ചെറിയ മുതൽമുടക്കിൽ റോഡ് കയ്യേറി ചെറിയ ബോർഡുകൾ സ്ഥാപിക്കുന്നതാണെന്ന് ഉടമകൾക്ക് ബോധ്യമായതോടെയാണ് റോഡിൽ ബോർഡുകൾ വ്യാപകമായത്.