നടപ്പാതകൾ കീഴടക്കി ഫ്ലെക്സ് ബോർഡ്
Mail This Article
പാറശാല ∙ കോടതി നിർദേശങ്ങൾ കാറ്റിൽപറത്തി പാറശാല ജംക്‌ഷനിൽ എവിടെ തിരിഞ്ഞാലും ഫ്ലെക്സ് ബോർഡുകൾ. കാൽനട യാത്രക്കാർക്കും പരിസ്ഥിതിക്കും ഭീഷണി ഉയർത്തുന്ന ബോർഡുകൾ നീക്കം ചെയ്യാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഹൈക്കോടതി നിർദേശം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയില്ല. പാറശാല പോസ്റ്റ് ഓഫിസ് ജംക്‌ഷനിൽ നിന്നു വെള്ളറടയിലേക്കു പോകുന്ന റോഡിൽ കാൽനടക്കാർക്ക് നടക്കാൻ പോലും കഴിയാത്ത രീതിയിൽ ബോർഡുകൾ നിറഞ്ഞിട്ടുണ്ട്. ഇതുമൂലം റോഡിൽ ഇറങ്ങി നടക്കേണ്ടിവരുന്നത് അപകട സാധ്യത ഉയർത്തുന്നുണ്ട്.
ജംക്‌ഷനിൽ സ്ഥാപിച്ചിട്ടുള്ള റോഡുകളുടെ ദിശാസൂചികപോലും ഫ്ലെക്സ് ബോർഡുകൾ കൊണ്ടുമറഞ്ഞ നിലയിലാണ്. ജംക്‌ഷനിൽ ബോർഡുകൾ നിശ്ചിത ദിവസം പ്രദർശിപ്പിക്കാൻ ചില പ്രിന്റിങ് സ്ഥാപനങ്ങൾ വാടക വരെ വാങ്ങുന്നതായും പരാതി ഉയർന്നിട്ടുണ്ട്. 150 ചതുരശ്ര അടി ബോർഡിനു പതിനഞ്ച് ദിവസത്തേക്ക് രണ്ടായിരം രൂപ വരെയാണ് നിരക്ക്. പൊതുസ്ഥലം കയ്യേറി ബോർഡുകൾ സ്ഥിരമായി സ്ഥാപിച്ച് വാടകയ്ക്കു വരെ നൽകിയിട്ടും പഞ്ചായത്ത് അധികൃതർ മാത്രം അറിഞ്ഞിട്ടില്ല. അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.