കെപിഎസി കേരള നവോത്ഥാന ചരിത്രം തിരുത്തിയ പ്രസ്ഥാനം: ബിനോയ് വിശ്വം
Mail This Article
തിരുവനന്തപുരം∙ കേരളത്തിന്റെ നവോത്ഥാന ചരിത്രം തിരുത്തിയെഴുതിയ പ്രസ്ഥാനമാണ് കെപിഎസിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പെരുമ്പടവം ശ്രീധരന് തോപ്പിൽ ഭാസി പുരസ്കാരം സമ്മാനിച്ച് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം. പുതിയ കാലത്ത് നാടക രൂപം പുതിയ രംഗഭാഷയാണ് തേടുന്നത്. ആ നിലയിൽ കെപിഎസി സർഗാത്മക തിരിച്ചുവരവ് നടത്തുമെന്നും കെപിഎസിയുടെ ചെയർമാൻ കൂടിയായ അദ്ദേഹം പറഞ്ഞു.
എഴുതുന്നത് ജീവിതത്തോട് അടുത്തു നിൽക്കുന്നതും സത്യസന്ധവും ആയിരിക്കണമെന്ന കാഴ്ചപ്പാട് എല്ലാ കാലത്തും പുലർത്തിയിരുന്നുവെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് പെരുമ്പടവം ശ്രീധരൻ പറഞ്ഞു. പന്ന്യൻ രവീന്ദ്രൻ അധ്യക്ഷനായി. മന്ത്രി ജി.ആർ.അനിൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, ഡോ.വള്ളിക്കാവ് മോഹൻദാസ്, മാങ്കോട് രാധാകൃഷ്ണൻ, ജയശ്ചന്ദ്രൻ കല്ലിങ്കൽ, എൻ.സുകുമാരപിള്ള, എം.എ.ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു. യുവ നാടകകൃത്തിനുള്ള പുരസ്കാരം ഷാജി ഡൊമിനിക് പുതുവലിന് സമ്മാനിച്ചു.
സീരിയൽ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു: പ്രേംകുമാർ
ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ വിഷമയമാണെന്ന തന്റെ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ. സിനിമ കാണാൻ താൽപര്യമുള്ളവർ ടിക്കറ്റെടുത്താണ് തിയറ്ററിൽ കയറുന്നത്. എന്നാൽ സീരിയലുകൾ കുടുംബ സദസ്സുകളിലേക്കാണ് എത്തുന്നത്. അത് കണ്ടു വളരുന്ന കുട്ടികൾ സീരിയലുകളിൽ ആവിഷ്കരിക്കപ്പെടുന്നതാണ് ജീവിതം എന്നു തെറ്റിദ്ധരിക്കാം. സീരിയലുകൾക്കു സെൻസർഷിപ് അനിവാര്യമാകുന്നത് ഇതുമൂലമാണ്.