ADVERTISEMENT

തിരുവനന്തപുരം ∙ ക്രിസ്മസിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ ജില്ലയിലെ സപ്ലൈകോ വിൽപനശാലകളിൽ പലയിടത്തും അരിയും പലവ്യഞ്ജനങ്ങളും ഇല്ല. പച്ചരി, വെളിച്ചെണ്ണ, മുളക്, മല്ലി എന്നിവയ്ക്കാണ് ക്ഷാമം കൂടുതൽ. ലഭ്യമല്ലാത്തവ ഉടൻ എത്തിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും എന്നു വരുമെന്ന് കൃത്യമായി പറയുന്നില്ല. പലയിടത്തും അരി തീർന്നിട്ട് ദിവസങ്ങളായി. അതേസമയം, സബ്സിഡി ഇനങ്ങൾ ലഭ്യമാണ്. 

ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ പ്രതിനിധീകരിക്കുന്ന നെടുമങ്ങാട് മണ്ഡല പരിധിയിലുള്ള വെഞ്ഞാറമൂട്, വാമനപുരം, കല്ലറ, പാങ്ങോട്, പുല്ലമ്പാറ പ‍ഞ്ചായത്തുകളിലെ സപ്ലൈകോ സൂപ്പ‍ർമാർക്കറ്റ്, മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാണ്. കഴിഞ്ഞ മാസത്തെ സ്റ്റോക്ക് ഇവിടെ പൂർണമായും തീർന്നു. ഈ മാസത്തെ സ്റ്റോക്ക് 2 ദിവസത്തിനകം എത്തുമെന്ന് അധികൃതർ അറിയിച്ചു.വെളിച്ചെണ്ണ, മുളക്, ഉഴുന്ന്, കടല, പച്ചരി എന്നിവയുടെ കുറവുണ്ട്. വിഴിഞ്ഞത്തെ ഔട്‍ലെറ്റിൽ സബ്സിഡി ഇനങ്ങളായ മുളക്, ചെറുപയർ എന്നിവ സ്റ്റോക്ക് തീർന്നു. 

"ഈ മാസത്തെ പർച്ചേസ് ഓർഡറിൽ എല്ലാ ഉൽപന്നങ്ങളും ഉൾപ്പെടുത്താത്തതാണ് പരാതിക്കു കാരണം. പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചു. എത്രയും വേഗം സാധനങ്ങൾ എത്തിക്കും. "

സബ്സിഡി ഇനങ്ങൾക്ക് വില കൂടിയത് കച്ചവടത്തെ ബാധിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പൊതുവേ കച്ചവടം കുറഞ്ഞ നിലയിലാണ്. കഴക്കൂട്ടം, നന്ദിയോട് മാവേലി സ്റ്റോറുകളിൽ വെളിച്ചെണ്ണ ഒഴികെ മറ്റു സാധനങ്ങളുണ്ട്. മലയിൻകീഴ് സപ്ലൈകോയിൽ നിലവിൽ സബ്സിഡി സാധനങ്ങൾ എല്ലാം സ്റ്റോക്ക് ഉണ്ട്.  നല്ല കച്ചവടം നടക്കുന്ന ഇവിടെ സ്റ്റോക്ക് പെട്ടെന്ന് തീരുന്ന സ്ഥിതിയാണ്. 

കല്ലമ്പലം മേഖലയിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ഓണത്തിനു ശേഷം ചെറുപയർ, ഉഴുന്ന്, പച്ചരി, കറുത്ത കടല തുടങ്ങിയ സബ്സിഡി സാധനങ്ങളുടെ ലഭ്യത കുറഞ്ഞു. ഓണക്കാലത്ത് തീർന്നെങ്കിലും പുതിയ സ്റ്റോക്ക് പരിമിതമായിട്ടാണ് എത്തിയത്. വെള്ളനാട് സപ്ലൈകോ സൂപ്പർമാർക്കറ്റിൽ വെളിച്ചെണ്ണ ഒഴികെ മറ്റു സബ്സിഡി സാധനങ്ങൾ ഉണ്ട്. വെളിച്ചെണ്ണ തീർന്നിട്ട് രണ്ടാഴ്ചയായി. ആര്യനാട് സൂപ്പർമാർക്കറ്റിൽ വെളിച്ചെണ്ണയും പച്ചരിയും ഒഴിച്ച് മറ്റു സബ്സിഡി സാധനങ്ങൾ ഉണ്ട്. മലയോര മേഖലയിൽ സബ്സിഡി ഇനങ്ങൾ വളരെ കുറവാണ്. വരുന്നത് ദിവസങ്ങൾക്കുള്ളിൽ തീരും. ഇവിടെ വെളിച്ചെണ്ണ ഇല്ല. 

English Summary:

Supplyco outlets in Thiruvananthapuram are facing shortages of rice, groceries, and other essential items just two weeks before Christmas. While authorities claim restocking is underway, the lack of specific timelines and continued scarcity is causing concern among residents.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com