അരുവിക്കര ഡാമിനോട് അനുബന്ധിച്ച് വിനോദ സഞ്ചാരികള്‍ക്ക് സൗകര്യം ഒരുക്കും: മന്ത്രി റോഷി അഗസ്റ്റിന്‍
Mail This Article
തിരുവനന്തപുരം∙ അരുവിക്കര ഡാമിനോട് അനുബന്ധിച്ചുള്ള ശിവ പാര്‍ക്ക് 3.9 കോടി രൂപ മുടക്കി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ പുതുക്കിപ്പണിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അരുവിക്കര ഡാം ഡീസില്‍റ്റേഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അരുവിക്കര ക്ഷേത്രത്തിന്റെ വശത്തായി പഴയ രാജപാതയുടെ അവശേഷിക്കുന്ന ഭാഗം നവീകരിച്ച് ശിവ പാര്‍ക്കും അതിഥി മന്ദിരവുമായി ബന്ധപ്പെടുത്തി സഞ്ചാരികള്‍ക്ക് തുറന്നു കൊടുക്കും.
അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള അതിഥി മന്ദിരം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ബുക്കിങ് സൗകര്യം ഒരുക്കും. ഇതിനോട് അനുബന്ധമായി പുതിയൊരു അതിഥി മന്ദിരം, നീന്തല്‍ക്കുളം അടക്കമുള്ള വിനോദ സഞ്ചാര സൗകര്യങ്ങളൊരുക്കി പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നതിന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
അരുവിക്കര ഡിസില്‍റ്റേഷനായി 13.88 കോടി രൂപയുടെ കരാറാണ് നല്‍കിയിരിക്കുന്നത്. ഡാമില്‍ മണ്ണും, മണലും അടിഞ്ഞുകൂടി സംഭരണശേഷിയില്‍ കുറവ് സംഭവിച്ചതിന്റെ അടിസ്ഥാനത്തില്‍ അവ നീക്കം ചെയ്ത് സംഭരണശേഷി പുനഃസ്ഥാപിക്കുന്നതിനായാണ് നടപടി. ഡിസില്‍റ്റേഷന്‍ പദ്ധതിയില്‍ 10,24,586 ക്യുബിക് മീറ്റര്‍ ആണ് ഡിസില്‍റ്റ് ചെയ്യുന്നത്. ഇതുവഴി സര്‍ക്കാരിന് വരുമാനവും, അരുവിക്കര ഡാമില്‍ 1 മില്യണ്‍ ക്യുബിക് മീറ്റര്‍ അധിക ജലസംഭരണശേഷിയും ഉറപ്പാക്കാനും സാധിക്കും. തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടാനും സഹായകമാകുമെന്നു മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജി.സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കല, കെ.ഐ.ഐ.ഡി.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.തിലകന്‍, അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുകാദേവി, ജില്ലാ പഞ്ചാത്ത് അംഗം വെള്ളനാട് ശശി, നെടുമങ്ങാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ആര്‍ ഹരിലാല്‍ തുടങ്ങിയവർ പ്രസംഗിച്ചു.