കേരഫെഡ് ലാഭവിഹിതം സർക്കാരിന് കൈമാറി
Mail This Article
തിരുവനന്തപുരം∙ കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേരഫെഡ്) 2020-21 സാമ്പത്തിക വർഷത്തെ ലാഭവിഹിതം കേരള സർക്കാരിന് കൈമാറി. സംസ്ഥാനത്തെ നാളികേര കർഷകരുടെ സഹകരണ സംഘങ്ങളുടെ അപ്പെക്സ് ഫെഡറേഷനായ കേരഫെഡ്, 2020-21 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 97,79,154 രൂപയാണ് കൈമാറിയത്. മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി പി.പ്രസാദ്, കേരഫെഡ് ചെയർമാൻ വി.ചാമുണ്ണി, വൈസ് ചെയർമാൻ കെ.ശ്രീധരൻ എക്സിക്യൂട്ടീവ് മെമ്പർമാരായ എം.സി.ബിനുകുമാർ, കെ.സി.രാമചന്ദ്രൻ എന്നിവർ ചേർന്ന് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി. കേരഫെഡിന്റെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം നൽകാനുള്ള സർക്കാർ ശ്രമങ്ങൾക്ക് ഒരു കൈത്താങ്ങായി കേരഫെഡിലെ ജീവനക്കാർ തങ്ങളുടെ ശമ്പളത്തിൽനിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ 1,75,397 രൂപയും കേരഫെഡ് വിഹിതമായ 10 ലക്ഷം രൂപയും ചേർത്ത് 11,75,397 രൂപയും മുഖ്യമന്ത്രിക്ക് കൈമാറി. കേരഫെഡിന്റെ 2020-21 സാമ്പത്തിക വർഷത്തെ അറ്റാദായം 2.16 കോടി രൂപയാണ്. 1.83% ലാഭവിഹിതം ഓഹരിയുടമകൾക്ക് വിതരണം ചെയ്യും. നിലവിൽ കേരഫെഡിന്റെ 53.43 കോടി രൂപ മൂല്യമുള്ള 98% ഓഹരികളും സംസ്ഥാന സർക്കാരിന്റെ പേരിലാണ്.