തെരുവുനായശല്യം: ഭയത്തിൽ നാട്ടുകാർ, ആരു പരിഹാരം കാണും?
Mail This Article
കരകുളം പഞ്ചായത്തിലെ ആറാം കല്ലിൽ കോഴിയെപ്പോലും വളർത്താനാകില്ല!
നെടുമങ്ങാട് ∙ കരകുളം പഞ്ചായത്ത് പരിധിയിലുള്ള ആറാം കല്ല് പൈപ്‌ലൈൻ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷം. കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ പ്രദേശവാസിയായ ബാബുവിനെയും വഴിയാത്രക്കാരൻ ആറാം കല്ല് കെകെവി നഗർ കാച്ചാണിയിൽ സുരേഷ് മേസ്തിരി എന്നിവരെയും ആക്രമിച്ചു. ബാബു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
സ്കൂൾ കുട്ടികളും വയോധികരും ഉൾപ്പെടുന്ന നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് തിങ്ങി പാർക്കുന്നത്. വഴിയാത്രക്കാരുടെ പിറകെ നായ്ക്കൾ കുരച്ചുകൊണ്ട് ഓടുന്നതും പതിവാണ്. വീടുകളിലെ കോഴികളെയും നായ്ക്കൾ കൊന്നൊടുക്കാറുണ്ട്. പ്രദേശവാസിയായ വിളാകത്ത് വീട്ടിൽ തങ്കം ആശാരിക്ക് പഞ്ചായത്തിൽനിന്നു സൗജന്യമായി ലഭിച്ച 4 കോഴികളെയും നായ്ക്കൾ കഴിഞ്ഞ ദിവസം കൊന്നിരുന്നു. അടിയന്തരമായി അധികാരികൾ ഇടപെട്ട് തെരുവുനായ ശല്യത്തിന് പരിഹാരം കണ്ടെത്തണമെന്നാണ് ആവശ്യം.
മലയോരത്ത് ഒരു മാസത്തിനിടെ കടിയേറ്റത് നാൽപതിലേറെ പേർക്ക്
പാലോട് ∙ മലയോര മേഖലയിലെ പൊതുഇടങ്ങൾ തെരുവുനായ്ക്കളെ കൊണ്ടു നിറഞ്ഞിട്ടും അധികൃതർക്ക് മിണ്ടാട്ടമില്ല. കഴിഞ്ഞ ഒരു മാസത്തിനിടെ നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട് പഞ്ചായത്തുകളിലായി നായ്ക്കളുടെ കടിയേറ്റവർ നാൽപതിലേറെ പേരാണ്. ഇതിൽ കൂടുതലും നന്ദിയോട് പഞ്ചായത്തിലാണ്. പഞ്ചായത്തിലെ പാണ്ടിയൻപാറയിൽ 6 വയസ്സുകാരിയെ വീട്ടിൽ കയറി കടിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. പാങ്ങോട് പഞ്ചായത്തിലെ പാലുവള്ളി, വട്ടക്കരിക്കകം, എക്സ് കോളനി മേഖലകളിൽ 6 പേരെ നായ കടിച്ചത് ഒടുവിലത്തെ സംഭവമാണ്.
വളർത്തു നായ്ക്കളെയും മൃഗങ്ങളെയും ഇവ കടിക്കാറുണ്ട്. റോഡുകളിൽ നായ്ക്കൾ കുറുകെ ചാടി ഇരുചക്രവാഹന യാത്രക്കാർ വീണു പരുക്കേറ്റ സംഭവം ഒട്ടേറെയാണ്. ഇതിൽ പലരും ചികിത്സയിലാണ്. ആശുപത്രികൾ, വിദ്യാലയങ്ങൾ, മാലിന്യം തള്ളുന്ന കേന്ദ്രങ്ങൾ, മാർക്കറ്റ് എന്നിവിടങ്ങളിലും നായ്ക്കളുടെ വിളയാട്ടമാണ്. മാലിന്യം കൊണ്ടുവന്നു തള്ളുന്നത് മൂലമാണ് നായ്ക്കളുടെ എണ്ണം വർധിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. നായ്ക്കളുടെ കടിയേൽക്കുന്നവർക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകേണ്ടി വരുന്നതും ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഗ്രാമീണ ആശുപത്രികളിൽ മരുന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉണ്ട്.