‘ഗഗൻയാൻ’ ആളില്ലാ ദൗത്യം വൈകിയേക്കും; ജനുവരിയിൽ നടക്കുമോയെന്ന് ഉറപ്പില്ല
Mail This Article
തിരുവനന്തപുരം ∙ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായി ആളില്ലാ ദൗത്യമായ ഗഗൻയാൻ 1 (ജി1) വീണ്ടും വൈകിയേക്കും. ദൗത്യം നടത്താൻ ലക്ഷ്യമിട്ടിരുന്ന ജനുവരിയിൽ നടക്കുമോയെന്ന് ഉറപ്പില്ലെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്.സോമനാഥ്. എങ്കിലും നിശ്ചയിച്ച ലക്ഷ്യത്തിലൂന്നിയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.ഗഗൻയാൻ ദൗത്യത്തിനു വേണ്ടി മനുഷ്യയാത്രയ്ക്കു യോജിച്ച വിധം പരിഷ്കരിച്ച (ഹ്യുമൻ റേറ്റഡ്) എൽവിഎം 3 (എച്ച്എൽവിഎം3) റോക്കറ്റിന്റെ ആദ്യ പരീക്ഷണപ്പറക്കൽ കൂടിയാകും ജി1 ദൗത്യം. അതിനായി റോക്കറ്റ് ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന ജോലികൾ ഈ മാസം ആരംഭിക്കുമെന്നും ഡോ.സോമനാഥ് പറഞ്ഞു.
റോക്കറ്റ് ഘടകങ്ങളെല്ലാം ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്. ക്രൂ മൊഡ്യൂൾ, ക്രൂ സർവീസ് മൊഡ്യൂൾ എന്നിവയുടെ കൂട്ടിച്ചേർക്കൽ ജോലികൾ തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലും ബെംഗളൂരുവിലെ യു.ആർ.റാവു സ്പേസ് സെന്ററിലുമായി പുരോഗമിക്കുകയാണ്. ക്രൂ എസ്കേപ് സിസ്റ്റത്തിന്റെ ഭൂരിഭാഗം ഘടകങ്ങളും ശ്രീഹരിക്കോട്ടയിൽ എത്തിയിട്ടുണ്ട്. അതിന്റെ കൂട്ടിച്ചേർക്കൽ ഉടൻ ആരംഭിക്കും.
മറ്റ് റോക്കറ്റുകളെ അപേക്ഷിച്ച് എച്ച്എൽവിഎം3 റോക്കറ്റ് പരീക്ഷണത്തിൽ വെല്ലുവിളികൾ കുറവാണെന്നും കൂടുതൽ ആത്മവിശ്വാസമുണ്ടെന്നും സോമനാഥ് പറഞ്ഞു. പുതിയ പദ്ധതികളായതിനാൽ വികസന ഘട്ടത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ കാരണമാണ് ഈ വർഷം നടക്കാനിരുന്ന ദൗത്യങ്ങളിൽ ചിലതു മാറ്റി വയ്ക്കേണ്ടി വന്നത്. ഈ മാസം പകുതിയോടെ നടത്താൻ തീരുമാനിച്ചിരുന്ന സ്പേഡെക്സ് വിക്ഷേപണം മാസാവസാനത്തേക്കു മാറ്റിയിട്ടുണ്ട്. ഡിസംബർ 30 ന് വിക്ഷേപിക്കാനാണ് ലക്ഷ്യം.