സിരകളിൽ സിനിമ നിറഞ്ഞ്; രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു
Mail This Article
തിരുവനന്തപുരം∙ സിനിമയിലേക്ക് കടന്നുവരുന്ന സ്ത്രീകൾക്ക് അന്തസ്സോടെ അവരുടെ പ്രതിഭ തെളിയിക്കാനുള്ള അവസരവും സുരക്ഷയും നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ 29–ാമത് രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഉള്ളടക്കമാണ് സിനിമകളുടെ കാതൽ. വർഷങ്ങളായി മികച്ച രാഷ്ട്രീയ ഉള്ളടക്കമുള്ള സിനിമകളാണ് കേരളത്തിന്റെ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചു വരുന്നത്. കോർപറേറ്റുകളും മൂലധന ശക്തികളും സിനിമാ നിർമാണ മേഖലയിലേക്കു കടന്നു വരുന്നതിനെ ഗൗരവമായി കാണണം. മികച്ച ഉള്ളടക്കവും മികവുമുള്ള സിനിമകളെടുത്താണ് ചലച്ചിത്ര–സാംസ്കാരിക പ്രവർത്തകർ പ്രതിരോധം തീർക്കേണ്ടതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്താദ്യമായി സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ച സംസ്ഥാനമാണ് കേരളമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ വീഴ്ചയില്ലാതെ നടപ്പാക്കുമെന്നും അധ്യക്ഷനായിരുന്ന മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ഹോങ്കോങ്ങിൽ നിന്നുള്ള സംവിധായിക ആൻ ഹുയിക്ക് മുഖ്യമന്ത്രി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിച്ചു. ചലച്ചിത്രരംഗത്ത് 50 വർഷം പൂർത്തിയാക്കിയ ശബാന ആസ്മിയെ മുഖ്യമന്ത്രി അനുമോദിച്ചു. മുണ്ടക്കൈയ്ക്കും ചൂരൽമലയ്ക്കും ധനസഹായം നൽകാത്തതിന് കേന്ദ്രസർക്കാരിനെ വിമർശിച്ചായിരുന്നു ചലച്ചിത്ര അക്കാദമി അധ്യക്ഷൻ പ്രേംകുമാറിന്റെ പ്രസംഗം. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, വി.കെ.പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ, ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ, ഫെസ്റ്റിവൽ ക്യുറേറ്റർ ഗോൾഡ സെല്ലം, ജൂറി അധ്യക്ഷയും ഫ്രഞ്ച് ഛായാഗ്രാഹകയുമായ ആഗ്നസ് ഗൊദാർദ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പ്രസംഗിച്ചു.
മുഖ്യമന്ത്രിക്കു കൂവൽ
∙ രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിനായി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിലെ വേദിയിലേക്ക് എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൂവൽ. സംഭവത്തിൽ ഒരാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുഖ്യമന്ത്രി വേദിയിൽ എത്തിയപ്പോഴാണ് ഒരാൾ ആൾക്കൂട്ടത്തിൽനിന്ന് കൂവിയത്. റോമിയോ രാജൻ എന്ന ആളിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ കൈവശം 2022 ലെ ഡെലിഗേറ്റ് പാസാണ് ഉണ്ടായിരുന്നത്. പ്രതിഷേധത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇയാൾ മാനസിക പ്രശ്നമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു.
പ്രേക്ഷകരുടെ ആസ്വാദനമികവ് പ്രത്യേകത: ശബാന ആസ്മി
തിരുവനന്തപുരം∙ കേരളത്തിലെ ചലച്ചിത്രമേളയുടെ പ്രത്യേകത പ്രേക്ഷകരുടെ ആസ്വാദന മികവാണെന്ന് നടി ശബാന ആസ്മി. ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ കേരളത്തിന്റെ ആദരം ഏറ്റുവാങ്ങുകയായിരുന്നു അവർ. ‘ 50 വർഷം സിനിമയിലും നാടകത്തിലും പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ മാത്രം മികവു കൊണ്ട് സംഭവിച്ചതല്ല. സംവിധായകർ, എഴുത്തുകാർ, സാങ്കേതിക പ്രവർത്തകർ എന്നിവരുടെ സഹായം കൂടിയുണ്ടായിരുന്നു.’ – ശബാന ആസ്മി പറഞ്ഞു. 1994ൽ കോഴിക്കോട് നടന്ന ആദ്യ ഐഎഫ്എഫ്കെയിൽ പങ്കെടുത്തിരുന്നു. ഇപ്പോൾ 29–ാമത് ഐഎഫ്എഫ്കെയിലും പങ്കെടുക്കുന്നു. മേളയിൽ തന്റെ സിനിമകൾ ഉൾപ്പെടുത്തിയതിന് അവർ മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു.
കൗതുകമായി കുഞ്ഞൻക്യാമറ
∙ രാജ്യാന്തര ചലച്ചിത്രമേളയിൽ കൗതുകക്കാഴ്ചയായി മിനിയേച്ചർ ക്യാമറ പ്രദർശനവും വിൽപനയും. ഏറെക്കാലം സിനിമകളിലെ കലാസംവിധാന മേഖലയിൽ സഹായിയായി പ്രവർത്തിച്ച് പരിചയസമ്പന്നനായ മോഹനൻ നെയ്യാറ്റിൻകരയാണ് കുഞ്ഞൻ ക്യാമറകളുടെ നിർമാണത്തിന് പിന്നിൽ. പാനാവിഷൻ എസ്പിഎസ്ആർ, മിച്ചെൽ എൻസി 239, ആരിഫ്ലെക്സ് 35 II ബിഎന്നീ പഴയകാല ക്യാമറകളുടെ മാതൃകയിലാണ് മിനിയേച്ചർ ക്യാമറകൾ ഒരുക്കിയിരിക്കുന്നത്. കോവിഡ് കാലത്തെ വിരസതയിലാണ് മിനിയേച്ചർ ക്യാമറകളുണ്ടാക്കാമെന്ന ആശയത്തിലേക്ക് എത്തിച്ചേർന്നതെന്ന് മോഹനൻ നെയ്യാറ്റിൻകര പറഞ്ഞു. തേക്കിൻ തടിയിൽ ഒരു ക്യാമറ നിർമിക്കാൻ രണ്ടു ദിവസമെങ്കിലുമെടുക്കും. ആയിരംരൂപ നിരക്കിലാണ് വിൽക്കുന്നത്. എന്നാൽ, വിൽപനയ്ക്കപ്പുറം സിനിമയോടും കലയോടുമുള്ള അഭിനിവേശമാണ് ഈ കലാസൃഷ്ടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ടഗോർ തിയറ്റർ പരിസരത്തൊരുക്കിയ പ്രദർശനം കാണാൻ നിരവധി പേരാണ് എത്തുന്നത്.
മലയാളി ഗവേഷണ വിദ്യാർഥിനിയുടെ ചലച്ചിത്രപ്രദർശനം ഇന്ന്
∙ ചലച്ചിത്രമേളയിൽ മലയാളം ടുഡേ വിഭാഗത്തിൽ ഗവേഷക വിദ്യാർഥിനി ജെ.ശിവരഞ്ജിനിയുടെ ചലച്ചിത്രം വിക്ടോറിയ പ്രദർശിപ്പിക്കും. നിലവിൽ ഐഐടി ബോംബെയിൽ ഗവേഷക വിദ്യാർഥിനിയായ അങ്കമാലി സ്വദേശി ശിവരഞ്ജിനിയുടെ ആദ്യ സിനിമ കൂടിയാണിത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും എഡിറ്റിങ്ങും ശിവരഞ്ജിനിയാണ്. ഇന്ന് ഉച്ചയ്ക്ക് 12:15ന് കലാഭവൻ തിയറ്ററിലാണ് ആദ്യ പ്രദർശനം. ചലച്ചിത്ര വികസന കോർപറേഷന്റെ നിർമാണത്തിൽ പുറത്തിറങ്ങുന്ന അഞ്ചാമത്തെ സിനിമയാണ് വിക്ടോറിയ.