ചുമട്ടുതൊഴിലാളി യൂണിയൻകാർ വ്യാപാരിയെ മർദിച്ചെന്ന് പരാതി
Mail This Article
വെള്ളറട∙ചുമട്ടുതൊഴിലാളി യൂണിയൻ പ്രവർത്തകർ വ്യാപാരിയെ മർദിച്ചതായി പരാതി. അരുവാട്ടുകോണത്ത് വെള്ളിയാഴ്ച വൈകിട്ട് എസ്‍ഡി വയർ നെറ്റിങ് എന്ന സ്ഥാപനം നടത്തുന്ന പനച്ചമൂട് വേങ്കോട് വടക്കുംകര പുത്തൻവീട്ടിൽ സുനിൽകുമാറിന്(41) ആണ് മർദനമേറ്റത്. തൊഴിലാളികളായ അനിൽകുമാർ, നിജു, ബൈജു, അനിൽരാജ്, രാജേന്ദ്രൻ, രാധാകൃഷ്ണൻ എന്നിവരെയും കണ്ടാലറിയാവുന്ന 8 പേരെയും പ്രതികളാക്കി വെള്ളറട പൊലീസ് കേസെടുത്തു.
സുനിൽകുമാറിനെ വലിച്ചു നിലത്തിട്ടു മർദിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.സുനിൽകുമാറിന്റെ സ്ഥാപനത്തിൽ സാധനം ഇറക്കുന്നതും വിൽക്കുന്ന സാധനങ്ങൾ കയറ്റുന്നതുമായി ബന്ധപ്പെട്ട് കുറച്ചുനാളായി സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകളിലെ തൊഴിലാളികളുമായി തർക്കമുണ്ടായിരുന്നു. സ്ഥാപനത്തിലെ ജീവനക്കാരെ നിയോഗിച്ച് കയറ്റിറക്ക് നടത്തുന്നുവെന്നാണ് യൂണിയനുകളുടെ പരാതി. തർക്കം ലേബർ ഓഫിസർക്കു മുന്നിലെത്തിയപ്പോൾ ജീവനക്കാർക്ക് ലേബർ കാർഡ് എടുക്കാൻ നിർദേശിച്ചു. അതിനുള്ള അപേക്ഷ നൽകിയിട്ടുണ്ടെന്നും നടപടികൾ തുടരുകയാണെന്നും സുനിൽകുമാർ വ്യക്തമാക്കി.
ഓണത്തിന് യൂണിയനുകൾ ആവശ്യപ്പെട്ട 25,000 രൂപ കൊടുക്കാത്തതു മുതലാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് സുനിൽകുമാർ പറയുന്നു. സുനിൽകുമാർ മുൻപ് സിഐടിയു തൊഴിലാളിയായിരുന്നു . കണ്ണിൽ പരുക്കേറ്റതിനെ തുടർന്ന് 30 ലക്ഷം രൂപ വായ്പയെടുത്ത് സ്ഥാപനം തുടങ്ങി. ഇറക്കുകൂലി നൽകാമെന്നും കയറ്റുകൂലി ഒഴിവാക്കണമെന്നും സുനിൽകുമാർ ആവശ്യപ്പെട്ടിരുന്നു. ഇതിന് യൂണിയനുകൾ തയാറായില്ല. അതേസമയം, കഴിഞ്ഞദിവസം സുനിൽകുമാറാണ് പ്രകോപനപരമായി പെരുമാറിയതെന്ന് യൂണിയൻ തൊഴിലാളികൾ പറഞ്ഞു. സുനിൽകുമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങളിൽനിന്നു തൊഴിലാളി യൂണിയനുകൾ പിന്തിരിയണമെന്ന് ഏകോപനസമിതി ആവശ്യപ്പെട്ടു.