ബാറിൽ സംഘർഷം; തടയാനെത്തിയ തിരുവല്ലം പൊലീസിനെ ആക്രമിച്ചു
Mail This Article
തിരുവല്ലം∙വാഴമുട്ടത്തിനു സമീപത്തെ ബാറിൽ സംഘർഷം. തടയാനെത്തിയ തിരുവല്ലം പൊലീസിനു നേർക്ക് ആക്രമണം.ഇന്നലെ രാത്രി 7നുണ്ടായ സംഭവത്തിൽ എസ്ഐ ഉൾപ്പെടെ 3 പൊലീസ് ഉദ്യോഗസ്ഥർക്കു പരുക്ക്. അക്രമി സംഘത്തിലൊരാളിനും ബാർ ജീവനക്കാർക്കും പരുക്കുണ്ട്.തിരുവല്ലം എസ്ഐ തോമസ് ഹീറ്റ്സ്, എസ്‌സിപിഒ രതീഷ് ലാൽ, സിപിഒ ശ്യാമപ്രസാദ് എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടംഗ സംഘത്തിലെ വണ്ടിത്തടം നിവാസി ശ്രീജിത്തി(37)നും ബാർ ജീവനക്കാരായ ഗോകുൽ,അഖിൽ എന്നിവർക്കുമാണ് പരുക്ക്.
സംഭവത്തിൽ ശ്രീജിത്തിനെ കൂടാതെ കിളിമാനൂർ മടവൂർ സ്വദേശി സജി(28)നെയും പൊലീസ് അറസ്റ്റു ചെയ്തു. ഓട്ടോറിക്ഷയിൽ എത്തിയ പ്രതികൾ മദ്യപിച്ചശേഷം മോശം പെരുമാറ്റം കാരണം ബാർ ജീവനക്കാർ ഇരുവരെയും മാറ്റി. തുടർന്ന് കൗണ്ടറിലെയും മറ്റും ബിൽബുക്ക് അടക്കം എടുത്തെറിഞ്ഞു ജീവനക്കാരെ മർദിച്ചും സംഘർഷമുണ്ടാക്കിയതായി പൊലീസ് പറഞ്ഞു.വിവരമറിഞ്ഞെത്തിയ എസ്ഐഉൾപ്പെട്ട പൊലീസ് സംഘം ഇവരെ പുറത്തെത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ആക്രമണം. പൊലീസിന്റെ യൂണിഫോം വലിച്ചുകീറി. എസ്‌സിപിഒ ശ്യാമപ്രസാദിന് തടികൊണ്ടുളള അടിയേറ്റ് കാലിനാണ് ഗുരുതര പരുക്ക്.
എസ്ഐക്കും രതീഷ് ലാലിനും ഇടിയും അടിയുമേറ്റതായും പൊലീസ് അറിയിച്ചു.സംഘർഷത്തെ തുടർന്ന് കൂടുതൽ പൊലീസ് സ്ഥലത്ത് എത്തി പ്രതികളെ കീഴ്‌പ്പെടുത്തി. പരുക്കേറ്റ പൊലീസുൾപ്പെടെയുള്ളവരെ ആശുപത്രിയിലെത്തിച്ചു. പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു.