പൊലീസിന്റെ കൺമുന്നിൽ വിലസി ഗുണ്ടാ സംഘം;പരസ്യ വെല്ലുവിളി..
Mail This Article
തിരുവനന്തപുരം∙ ഈഞ്ചയ്ക്കലിലെ ഡാൻസ് ബാറിൽ ഡിജെ പാർട്ടിക്കിടയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനു ശേഷം ഗുണ്ട ഓംപ്രകാശ് പൊലീസിനെ വെല്ലുവിളിച്ച് നഗരത്തിൽ വിലസിയത് ഒരു പകലും രാത്രിയും.വെള്ളിയാഴ്ച രാത്രി 11ന് ആയിരുന്നു ബാറിലെ സംഘർഷം. പിറ്റേന്ന് ശനി പകൽ മുഴുവൻ നഗരത്തിൽ കറങ്ങി നടന്ന ഓംപ്രകാശ്, ചലച്ചിത്രമേളയിലെ വിവിധ വേദികളിൽ (ഐഎഫ്എഫ്കെ) പൊലീസിനു മുന്നിലൂടെയാണ് തന്റെ സംഘാംഗങ്ങൾക്കൊപ്പം വിലസിനടന്നത്.
വൈകിട്ട് 6.30ന് വഴുതക്കാട് ടഗോർ തിയറ്റർ പരിസരത്ത് ഇരുപതംഗ സംഘത്തിനൊപ്പം എത്തിയ ഓംപ്രകാശ് രാത്രി 11ന് മടങ്ങി പോയി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ഈ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയിലത്രെ. ചലച്ചിത്രമേളയിൽ ഓംപ്രകാശിന്റെ സാന്നിധ്യം സ്ഥിരീകരിച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഇന്നലെ എഡിജിപിക്ക് റിപ്പോർട്ട് നൽകി. ഓംപ്രകാശിന് രക്ഷപ്പെടാൻ ചില പൊലീസ് ഉദ്യോഗസ്ഥർ അവസരം ഒരുക്കിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലെ ഉള്ളടക്കം. സംഭവത്തിൽ ഓംപ്രകാശും എയർപോർട്ട് സാജനും ഉൾപ്പെടെ 75ൽ അധികം പേർക്കെതിരെ കേസെടുത്തു.
ഡിജെ പാർട്ടികൾ:അന്വേഷണം തുടങ്ങി
നഗരത്തിലെ ബാറുകളിൽ എയർപോർട്ട് ഡാനി നടത്തിയ ഡിജെ പാർട്ടികളെ കുറിച്ച് പൊലീസ് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.ദുബായിയിൽ ഡിജെ സംഘത്തിലുണ്ടായിരുന്ന ഡാനിയുടെ ഇടപാടുകളും പരിശോധിക്കും. കുളത്തൂർ കരിമണലിൽ യുവാവിൽ നിന്നു പിടിച്ചു വാങ്ങിയ ഫോൺ തിരിച്ചു നൽകാൻ തന്റെ കാൽ പിടിക്കാനും കാലിൽ ചുംബിക്കാനും ഭീഷണി പ്പെടുത്തുകയും ഇതു വിഡിയോ ചിത്രീകരിച്ചു പുറത്തുവിടുകയും ചെയ്ത കേസിൽ പ്രതിയായ തിനെ തുടർന്നാണ് ഡാനി ദുബായിലേയ്ക്കു കടന്നത്. ഡാനി തലസ്ഥാനത്തെ ബാറുകളിൽ ഷോ നടത്താൻ തുടങ്ങിയതാകാം ഓംപ്രകാശിനെ ചൊടിപ്പിച്ചതെന്നു പൊലീസ് പറയുന്നു.
ഓംപ്രകാശിന് സാമ്പത്തിക സഹായം: അന്വേഷണം ഉപേക്ഷിച്ചു
പാറ്റൂരിലെ ഗുണ്ടാആക്രമണ കേസിൽ ഒളിവിൽ കഴിയുമ്പോൾ ഓംപ്രകാശിന് ലഭിച്ച സാമ്പത്തിക സഹായത്തെ കുറിച്ചുള്ള പൊലീസ് അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ചു. ഒളിവിൽ കഴിഞ്ഞ ഓംപ്രകാശിനെ ഫോൺവിളിച്ചവരുടെ പട്ടികയിൽ പല ഉന്നതരും ഉണ്ടെന്നും കണ്ടെത്തിയതിനെ തുടർന്നായിരുന്നു അന്വേഷണം അവസാനിപ്പിച്ചത്.
പാറ്റൂരിലെ ആക്രമണത്തിന് കാരണം വിഴിഞ്ഞം ഔട്ടർ റിങ് റോഡ് പദ്ധതിയുടെ മറവിലെ റിയൽ എസ്റ്റേറ്റ് കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് ഓംപ്രകാശിന്റെ കൂട്ടാളികൾ പൊലീസിനോട് നേരത്തെ പറഞ്ഞിരുന്നത്. 2 വർഷത്തിനിടെ ഓംപ്രകാശ് നടത്തിയ ബിസിനസ് ഇടാപാടുകൾ അന്വേഷിക്കുമെന്നു പൊലീസ് പറഞ്ഞെങ്കിലും നടന്നില്ല.