നന്തൻകോട് ക്ഷേത്രഫ്ലെക്സ് ബോർഡ് നീക്കുന്നതിനെച്ചൊല്ലി തർക്കം; ഒടുവിൽ അഴിച്ചുമാറ്റി
Mail This Article
തിരുവനന്തപുരം∙ നന്തൻകോടിനു സമീപം റോഡരികിലെ വൈദ്യുത പോസ്റ്റിൽ സ്ഥാപിച്ചിരുന്ന ക്ഷേത്ര ഫ്ലെക്സ് ബോർഡ് നീക്കുന്നതിനെച്ചൊല്ലി നാട്ടുകാരും കോർപറേഷൻ ഉദ്യോഗസ്ഥരും തമ്മിൽ തർക്കം. ഒടുവിൽ പൊലീസ് എത്തി കോടതിവിധി പ്രകാരമാണ് നടപടിയെന്ന് അറിയിച്ച് ബോർഡ് അഴിച്ചുമാറ്റി. ഇന്നലെ ഉച്ചയ്ക്കു 12ന് നന്തൻ കോട് നിർമ്മല ഭവൻ സ്കൂളിനു സമീപം ദേവസ്വംബോർഡിന്റെ ശിവക്ഷേത്രത്തിനു മുൻപിലായിരുന്നു സംഭവം. പൊതുനിര ത്തിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കോർപറേഷൻ സ്ക്വാഡ് ഇറങ്ങിയത്. ബോർഡ് അഴിച്ചു മാറ്റാൻ തുടങ്ങിയതും ഒരുവിഭാഗം എതിർപ്പ് അറിയിച്ച് രംഗത്തുവന്നു. ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ തർക്കം രൂക്ഷമായതോടെ അധികൃതർ പൊലീസിനെ വിളിച്ചുവരുത്തി. റോഡിലേയ്ക്കു ഇറക്കിവച്ചിരിക്കുന്ന ബോർഡ് അപകടത്തിനിടയാക്കുമെന്നു നാട്ടുകാരെ പൊലീസ് ബോധ്യപ്പെടുത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
റവന്യു, ആരോഗ്യം, എൻജിനീയറിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക സ്ക്വാഡ് രൂപീകരിച്ചാണ് ബോർഡുകൾ നീക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ കോർപറേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് 800ഓളം ബോർഡുകൾ നീക്കം ചെയ്തു.സോണൽ ഓഫിസുകളിലും ആസ്ഥാന ഓഫിസിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. റവന്യു ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, ഓവർസിയർ, സാനിട്ടേഷൻ വർക്കർമാർ എന്നിവരാണ് സ്ക്വാഡിൽ ഉള്ളത്.