ഹേമ കമ്മിറ്റി റിപ്പോർട്ട്: കേസുകളുടെ ഭാവി അനിശ്ചിതത്വത്തിൽ
Mail This Article
തിരുവനന്തപുരം∙ സിനിമാമേഖലയിലെ അതിക്രമങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയവർക്കു കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെങ്കിൽ അന്വേഷണം ഉപേക്ഷിക്കാനുള്ള സർക്കാർ നീക്കം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. റിപ്പോർട്ടിൽ രേഖപ്പെടുത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം റജിസ്റ്റർ ചെയ്ത കേസുകളിൽ പലതിലും അന്വേഷണം മുടങ്ങുന്ന സാഹചര്യമാണെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് അതിജീവിതമാരിൽ ചിലർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കേസ് വേണ്ടെന്നറിയിച്ച് സുപ്രീം കോടതിയുടെ മുന്നിലും ഹർജികളെത്തിയിട്ടുണ്ട്.
റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത മുപ്പതോളം കേസുകളിൽ അതിജീവിതമാർ നൽകുന്ന തെളിവുകൾ നിർണായകമാണ്. വെളിപ്പെടുത്തലുകൾ നടത്തിയവർ തെളിവുകൾ നൽകാൻ തയാറല്ലെങ്കിൽ അതിനെ മറികടന്ന് കേസുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന ചിന്തയാണു പൊലീസിനുമുള്ളത്. അതേസമയം, പരാതിയിൽ ഉറച്ചുനിൽക്കുന്നവരുടെ കേസുകളിൽ കുറ്റപത്രം തയാറാക്കുന്ന നടപടികളിലേക്കു പൊലീസ് കടന്നിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയടക്കം ചില നടിമാർ നടത്തിയ വെളിപ്പെടുത്തലുകൾ ഇക്കൂട്ടത്തിലുണ്ട്. നടൻമാരായ സിദ്ദിഖ്, മുകേഷ്, ജയസൂര്യ തുടങ്ങിയവർക്കെതിരായ വെളിപ്പെടുത്തലുകൾ ഈ രീതിയിൽ പുറത്തുവന്നവയാണ്.