4 ദിവസത്തിനിടെ തിരുവനന്തപുരം കോർപറേഷൻ നീക്കിയത് 4000 ഫ്ലെക്സ് ബോർഡ്; പാർട്ടി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് കത്ത്
Mail This Article
തിരുവനന്തപുരം ∙ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കോർപറേഷൻ 4 ദിവസത്തിനിടെ നീക്കിയത് നാലായിരത്തോളം ഫ്ലെക്സ് ബോർഡുകൾ. എല്ലാം അനധികൃതം. ഇന്ന് കൂടുതൽ സ്ക്വാഡുകളെ നിയോഗിച്ച് പ്രധാന റോഡുകളിലെ അനധികൃത ബോർഡുകൾ നീക്കുമെന്ന് കോർപറേഷൻ റവന്യു വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. അനധികൃത ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ഹൈക്കോടതി അനുവദിച്ചിരിക്കുന്ന സമയ പരിധി നാളെ അവസാനിക്കും. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് അനധികൃത ഫ്ലെക്സ് ബോർഡുകളും ബാനറുകളും കൊടികളും നീക്കുന്നതിന് കോർപറേഷൻ നടപടി ആരംഭിച്ചത്. രണ്ടാം ശനിയും ഞായറാഴ്ചയും കാര്യമായ പണി നടന്നില്ല. ഇന്നലെ സോണൽ ഓഫിസ് അടിസ്ഥാനത്തിലും ബോർഡുകൾ നീക്കി. പിടിച്ചെടുത്ത ബോർഡുകൾ ആറ്റുകാലിന് സമീപത്തെ ഡംപിങ് യാർഡിൽ തള്ളിയിരിക്കുകയാണ്.
അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചതിന് കേസ് റജിസ്റ്റർ ചെയ്യാനുള്ള അപേക്ഷ നാളെ പൊലീസിന് നൽകുമെന്ന് അധികൃതർ അറിയിച്ചു.ഓരോ സ്റ്റേഷനുകൾക്കു കീഴിലും നിന്നു പിടിച്ചെടുത്ത ബോർഡുകളുടെ ക്രോഡീകരിച്ച കണക്ക് എടുത്ത ശേഷമാകും പരാതി നൽകുക.അനുമതിയില്ലാതെ ബോർഡ് സ്ഥാപിച്ചതിന് 5000 രൂപ വീതം പിഴ ഈടാക്കുന്നുണ്ട്. എന്നാൽ ബോർഡ് സ്ഥാപിച്ചവരുടെ കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തത് ഉദ്യോഗസ്ഥർക്ക് വെല്ലുവിളിയാണ്. ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ലഭ്യമായാലേ പിഴ ഈടാക്കാൻ കഴിയൂ. ഇതു ലഭിക്കാത്തതാണ് ഉദ്യോഗസ്ഥരെ വലയ്ക്കുന്നത്.
ബോർഡുകൾ നീക്കാൻ അനുവദിക്കുന്നില്ലെന്ന് കത്ത്
തിരുവനന്തപുരം ∙ സമ്മേളനം കഴിഞ്ഞു മാത്രമേ ഫ്ലെക്സ് ബോർഡുകളും കൊടി തോരണങ്ങളും നീക്കാൻ അനുവദിക്കൂവെന്ന് പാർട്ടി പ്രവർത്തകരുടെ ഭീഷണിയുണ്ടെന്ന് കോർപറേഷൻ സെക്രട്ടറിക്ക് തിരുവല്ലം സോണൽ ഓഫിസിലെ ചാർജ് ഓഫിസറുടെ കത്ത്. സോണൽ ഓഫിസിലെ റവന്യു ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, അസിസ്റ്റന്റ് എൻജിനീയർ എന്നിവരെല്ലാം വനിതകൾ ആയതിനാൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യാൻ കഴിയുന്നില്ലെന്നും മെയിൻ ഓഫിസിൽ നിന്ന് പ്രത്യേക ടീമിനെ ഇതിനായി നിയോഗിക്കണമെന്നും ആവശ്യപ്പെട്ടാണ് ചാർജ് ഓഫിസർ കോർപറേഷൻ സെക്രട്ടറിക്ക് കത്ത് നൽകിയത്. വാഹനവും ബോർഡുകൾ നീക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവല്ലം, വിഴിഞ്ഞം സോണൽ ഓഫിസുകളുടെ പരിധിയിൽ വരുന്ന പ്രദേശത്താണ് പാർട്ടിയുടെ ജില്ലാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.