ഭീഷണിയായി കല്ലമ്പലത്തെ പൊട്ടിപ്പൊളിഞ്ഞ ഒാടകൾ; അപകടങ്ങൾ ഏറെ, നടപടികൾ ശൂന്യം
Mail This Article
കല്ലമ്പലം∙ടൗണിലെ പ്രധാന റോഡിന്റെ അരികിലുള്ള ഓടകളുടെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞ് അപകട ഭീഷണി ഉയർത്തിയിട്ടും നടപടിയില്ലെന്ന് പരാതി. കാൽനട യാത്രക്കാർ കൂടുതലും സഞ്ചരിക്കുന്നത് ഓടകൾക്ക് മുകളിലെ സ്ലാബിലൂടെ ആണ്. കഴിഞ്ഞ ദിവസം അമ്മയോടൊപ്പം പോയ കുഞ്ഞിന്റെ വലത് കാൽ പൊളിഞ്ഞ ഓടയിൽ അകപ്പെട്ടിരുന്നു. കുട്ടി ആയതിനാൽ പെട്ടെന്ന് കാൽ വലിച്ചെടുക്കാൻ കഴിഞ്ഞു. മാസങ്ങൾക്ക് മുൻപ് ശക്തമായ മഴയത്ത് വിദ്യാർഥിയുടെ കാൽ ഇതിനുള്ളിൽ കുടുങ്ങി. സ്ലാബ് പൊട്ടിച്ചാണ് കാൽ എടുത്തത്. ആറ്റിങ്ങൽ ഭാഗത്തേക്ക് പോകുന്ന റോഡ് വശത്തെ ഓടകൾ ആണ് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നത്. ഇതു സംബന്ധിച്ച് വ്യാപാരികൾ ബന്ധപ്പെട്ടവരെ പലവട്ടം വിവരം അറിയിച്ചിട്ടും ഫലമുണ്ടായില്ല.
ഒടുവിൽ വ്യാപാരികൾ തന്നെ അവിടെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് പൊളിഞ്ഞ ഭാഗത്ത് കല്ലും കട്ടയും വയ്ക്കേണ്ട സ്ഥിതിയായി. വർക്കല റോഡിലും സ്ഥിതി ഇതു തന്നെ. പല ഭാഗത്തും ഓടകളുടെ മേൽമൂടി പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. പലപ്പോഴും തലനാരിഴയ്ക്കാണ് പലരും രക്ഷ നേടുന്നത്. മേൽമൂടി പൊളിഞ്ഞതോടെ വല്ലാത്ത ദുർഗന്ധം പരക്കുന്നു എന്നും പരാതിയുണ്ട്. മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വർഷങ്ങൾക്ക് മുൻപ് ഓടകൾ വൃത്തിയാക്കുന്നത് പതിവായിരുന്നു. എന്നാൽ ഏതാനും വർഷങ്ങളായി ഇത് നടക്കുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. മൂന്നു പഞ്ചായത്തുകളുടെ സംഗമ സ്ഥലമാണ് കല്ലമ്പലം ടൗൺ. ഒറ്റൂർ,കരവാരം,നാവായിക്കുളം പഞ്ചായത്തുകൾ സംഗമിക്കുന്ന ടൗൺ പ്രദേശത്തെ അധികൃതർ അവഗണിക്കുന്നു എന്നുള്ള പരാതികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്.