ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുന്നതായി പരാതി
Mail This Article
നെടുമങ്ങാട്∙ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി പ്രകാരം തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുന്നതായി പരാതി. കരാർ തൊഴിലാളികളെ പൂർണമായി ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ റജിസ്റ്റർ ചെയ്ത് തൊഴിൽ കാർഡ് ലഭിച്ചിട്ടുള്ളവർക്കു വർഷത്തിൽ നൂറു ദിന തൊഴിൽ നൽകി ഗ്രാമീണ മേഖലയിലെ തൊഴിൽരഹിതരായ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള പദ്ധതിയെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അട്ടിമറിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം.
കോൺക്രീറ്റ് റോഡുകൾ, നീർ തടങ്ങളുടെ റിട്ടേണിംഗ് വാൾ, ബണ്ട് നിർമാണം, നടപ്പാലങ്ങൾ എന്നിവ ചെയ്യുന്നതിനു ആവശ്യമായ മെറ്റീരിയൽ മാത്രം വിതരണം ചെയ്യാൻ കരാറുകാരെ ഏൽപ്പിക്കാമെന്നു കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനു നൽകിയ കർശനമായ നിർദേശത്തെ അട്ടിമറിച്ചാണ് തൊഴിലുറപ്പു തൊഴിലാളികളെ നോക്ക് കുത്തിയാക്കി പൂർണമായി കരാറുകാരെയും അവരുടെ ബിനാമികളെക്കൊണ്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജോലി ചെയ്യിപ്പിക്കുന്നത്.ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും കരാറുകാരെ പൂർണമായി ഏൽപ്പിക്കാത്തതിനാൽ പദ്ധതി നടപ്പിലാക്കുന്നില്ലെന്നും ഇത് കാരണം ഫണ്ട് കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുകയും തൊഴിലുറപ്പ് പദ്ധതി ഇല്ലാതാവുന്ന അവസ്ഥയുമാണെന്നുമാണ് പരാതി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തു വരാനിരിക്കെ ഏത് വിധത്തിലും പണി നടത്തണമെന്ന നിലപാടിലാണ് ചില ജനപ്രതിനിധികൾക്കുള്ളത്. തൊഴിൽ കാർഡ് ലഭിച്ചിട്ടുള്ള തൊഴിലാളികൾക്ക് ജോലി അവസരം നിക്ഷേധിക്കരുതെന്ന ആവശ്യമാണ് തൊഴിലാളികൾ ഉന്നയിക്കുന്നത്. എന്നാൽ പഞ്ചായത്തുകളിൽ മെറ്റീരിയൽ വർക്കുകൾ ഒഴികെ വ്യക്തിഗത ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ജോലികൾ നടക്കുന്നുണ്ട്. മെറ്റീരിയൽ വർക്കുകൾക്കുമാണ് ഇപ്പോഴുള്ള ഈ തടസ്സം.