നേമം സഹകരണബാങ്ക്: ഭരണസമിതി അംഗങ്ങളും ജീവനക്കാരും നടത്തിയത് ഗുരുതര ക്രമക്കേടെന്ന് ഇടക്കാല റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം ∙ കോടികളുടെ ക്രമക്കേടു നടന്ന നേമം സഹകരണ ബാങ്കിൽ ഭരണസമിതി അംഗങ്ങളും ജീവനക്കാരും കൂട്ടുനിന്നാണ് തട്ടിപ്പു നടത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ ഇടക്കാല റിപ്പോർട്ട്. എന്നാൽ തട്ടിപ്പു സംബന്ധിച്ച് മതിയായ രേഖകൾ ലഭ്യമല്ലെന്നും ജോയിന്റ് റജിസ്ട്രാർ ടി.അയ്യപ്പൻ നായർക്ക് സമർപ്പിച്ച റിപ്പോർട്ട് പറയുന്നു. ഒട്ടേറെ രേഖകൾ പൊലീസ് കൊണ്ടുപോയതിനാൽ അന്വേഷണം പൂർത്തിയാക്കാൻ 3 മാസം കൂടി സംഘം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു മാസം മാത്രം നൽകുന്നതാണ് പരിഗണനയിൽ. യൂണിറ്റ് ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലേക്ക് 7 പേരെക്കൂടി കഴിഞ്ഞദിവസം നിയമിച്ചിരുന്നു. ബാങ്കിലെ സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് ജാമ്യം നൽകി കെഎസ്എഫ്ഇ ചിട്ടിയുടെ തുക വാങ്ങി തട്ടിപ്പു നടത്താൻ പലർക്കും ഒത്താശ ചെയ്തെന്നും കണ്ടെത്തലുണ്ട്. . ബാങ്കിന്റെ പല രേഖകളും മിനിറ്റ്സും ലഭ്യമല്ലെന്ന് സംഘം ചൂണ്ടിക്കാട്ടി. സഹകരണ നിയമം ലംഘിച്ച് ഭരണസമിതി ഒട്ടേറെ തീരുമാനങ്ങൾ എടുത്തതായും വേണ്ടപ്പെട്ടവർക്കു മാനദണ്ഡം ലംഘിച്ച് വായ്പ നൽകുകയും തിരിച്ചടവിനു നടപടികൾ എടുക്കാതിരിക്കുകയും ചെയ്തതായും റിപ്പോർട്ട് പറയുന്നു.
സ്ഥിരനിക്ഷേപത്തിന് വ്യാജസർട്ടിഫിക്കറ്റ്: ചോർത്തിയത് കോടികൾ
ബാങ്കിലെ സ്ഥിര നിക്ഷേപ (എഫ്ഡി) സർട്ടിഫിക്കറ്റിൽ സീരിയൽ നമ്പർ ഇല്ലെന്നു കണ്ടെത്തൽ. ഒട്ടേറെ വ്യാജ സർട്ടിഫിക്കറ്റുകൾ വഴി കോടികൾ ചോർത്തിയിരിക്കാമെന്നും സംശയം. കോടികളുടെ സർട്ടിഫിക്കറ്റ് ഈടു വച്ചാണു വെള്ളറട സ്വദേശി ജോയി കെഎസ്എഫ്ഇയിലെ വിവിധ ബ്രാഞ്ചുകളിൽ നിന്നു ചിട്ടിത്തുകയായി 8 കോടി രൂപ കൈപ്പറ്റിയത്. കെഎസ്എഫ്ഇ ജീവനക്കാർ നേമം ബാങ്കിൽ വിളിച്ചു ജോയിക്കു നിക്ഷേപം ഉണ്ടെന്നു സ്ഥിരീകരിച്ച ശേഷമാണു ചിട്ടിത്തുക നൽകിയത്. പണം കൈപ്പറ്റിയ ജോയി പിന്നീട് ചിട്ടിയുടെ തവണകൾ മുടക്കംവരുത്തി. കെഎസ്എഫ്ഇ ബ്രാഞ്ച് ജീവനക്കാർ ജോയി ജാമ്യമായി നൽകിയ എഫ്ഡി സർട്ടിഫിക്കറ്റുമായി വന്നപ്പോൾ നിക്ഷേപം നേരത്തേ പിൻവലിച്ചുവെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി.
ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും ഒത്താശയോടെ ജോയി ഉപയോഗിച്ചതു വ്യാജ സർട്ടിഫിക്കറ്റ് ആയിരിക്കാമെന്നാണു നേമം പൊലീസിന്റെ സംശയം. എഫ്ഡി സർട്ടിഫിക്കറ്റിൽ പ്രസിഡന്റ്, സെക്രട്ടറി, ബ്രാഞ്ച് മാനേജർ എന്നിവരിൽ രണ്ടുപേർ ഒപ്പു വയ്ക്കാറുണ്ടെങ്കിലും സിപിഎം ഭരിക്കുന്ന നേമം ബാങ്കിൽ സെക്രട്ടറി മാത്രമാണ് ഒപ്പു വയ്ക്കുന്നത്. സർട്ടിഫിക്കറ്റിൽ സീരിയൽ നമ്പർ ഇല്ലെന്ന വിവരം പുറത്തു വന്നതോടെ പലരും സർട്ടിഫിക്കറ്റ് പരിശോധിച്ചു. സീരിയൽ നമ്പരില്ലാത്ത സർട്ടിഫിക്കറ്റുകളിലാണ് സെക്രട്ടറിയുടെ മാത്രം ഒപ്പ്.
ബാങ്കിൽ നിന്നു 20 വർഷം മുൻപു വായ്പ എടുക്കുകയും തിരിച്ചടയ്ക്കുകയും ചെയ്തവർക്ക് വീണ്ടും ജപ്തി നോട്ടിസ് വരുന്നുണ്ട്. ഇതിന്റെ ആശങ്കയിൽ കഴിയുമ്പോഴാണ് എഫ്ഡി സർട്ടിഫിക്കറ്റിലെ കൃത്രിമത്തിന്റെ വിവരം പുറത്തുവന്നിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകൾ സോഫ്ട്‌വെയറുകളിൽ രേഖപ്പെടുത്തണമെന്നു സഹകരണ വകുപ്പ് പല തവണ ആവശ്യപ്പെട്ടിട്ടും ഇപ്പോഴും ലഡ്ജറുകളിൽ എഴുതിയാണു സൂക്ഷിക്കുന്നത്. ഇതു ക്രമക്കേട് നടത്താൻ വേണ്ടിയാണെന്നു പ്രാഥമിക അന്വേഷണത്തിൽ വിലയിരുത്തിയിരുന്നു. ബാങ്ക് പ്രതിസന്ധിയിലായതിനു പിന്നാലെ പണവിതരണം നിലച്ചതോടെ നേമം പ്രദേശത്തെ ഒട്ടേറെ റസിഡന്റ്സ് അസോസിയേഷനുകളുടെയും ദേവാലയങ്ങളുടെയും, സമുദായ സംഘടനയുടെയും പ്രവർത്തനങ്ങളും മരവിച്ച നിലയിലാണ്.