കാടിറക്കം പതിവാക്കി വന്യമൃഗങ്ങൾ; നെഞ്ചിടിപ്പിൽ വനാതിർത്തി പ്രദേശം
Mail This Article
വിതുര∙ വന്യ മൃഗങ്ങൾ കാടിറക്കം പതിവാക്കിയതോടെ നെഞ്ചിടിപ്പിൽ വിതുര പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളും പാതകളും. കാട്ടാന, കാട്ടുപോത്ത്, കാട്ടുപന്നി, മ്ലാവ്, നായ്പ്പുലി, കാട്ടുപട്ടി, കരടി, കുരങ്ങ് എന്നിവ ആദിവാസി ഊരുകളിലെ ജീവനും സ്വത്തിനും ഭീഷണിയായി തുടങ്ങിയിട്ടു കാലം ഏറെയായി. ചിലയിടത്തും പുലിയും ഭീഷണിയാണ്. രാത്രി കാലങ്ങളിൽ ഉൾ വനത്തിൽ നിന്നുമിറങ്ങി വനാതിർത്തിയിലെ വീടുകളിലെ പിന്നാമ്പുറങ്ങളിൽ വന്നു മടങ്ങുന്നതാണു ഭീതിയിൽ ആഴ്ത്തുന്നത്. പേപ്പാറ, പൊന്മുടി, ബോണക്കാട് റോഡുകളിൽ സമീപത്തെ ചെറു റോഡുകളിലും കാട്ടാനക്കൂട്ടവും കാട്ടുപോത്തുകളും തമ്പടിക്കുന്നത് പതിവാണ്. ഗതാഗതം പലപ്പോഴും ഈ റോഡുകളിൽ അപ്രതീക്ഷിതമായി തടസ്സപ്പെടാറുണ്ട്. പഞ്ചായത്തിലെ പൊടിയക്കാല, കുട്ടപ്പാറ, പച്ചവീട്, ഒരുപറ, ചെമ്പിക്കുന്ന്, അല്ലത്താര, തലത്തൂതക്കാവ്.
മുരിക്കിൻകാല, വേങ്ങാത്താര, മണിതൂക്കി, തച്ചരുകാല, വലിയകാല, ചെമ്മാൻകാല, കല്ലുപാറ, മൊട്ടമൂട്, കൊങ്ങൻമരത്തുംമൂട്, നാരകത്തിൻകാല, അറവലക്കരിക്കകം, ശാസ്താംപാറ, കല്ലുപാറ, ചെറു മണലി എന്നിവിടങ്ങളിൽ സ്ഥിരമായി കാട്ടു മൃഗങ്ങൾ വന്നു പോകുന്നത് പതിവാണ്. ആക്രമണം പതിവായതോടെ കൃഷി നാശം പല വനാതിർത്തി മേഖലകളിലും തുടർക്കഥയായി. ഒട്ടേറെ തവണ കാട്ടാനക്കൂട്ടം ഇറങ്ങി നാശ നഷ്ടങ്ങളുണ്ടാക്കി. ഇതുവഴി അനവധി പേരുടെ കൃഷിയാണു നശിച്ചത്. എന്നിട്ടും പ്രതിരോധ മാർഗങ്ങൾ കാര്യക്ഷമയി അവലംബിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്.
പാട്ട കൊട്ടലും പടക്കം പൊട്ടിക്കലും ഉൾപ്പെടെയുള്ള സൂത്ര വിദ്യകളാണു ഇപ്പോഴും വനാതിർത്തിയിലെ ആളുകൾ പ്രയോഗിക്കുന്നത്. കുപ്പികൾ അടുത്തടുത്തായി ചേർത്തു തൂക്കിയിട്ടു അതിൽ നിന്നു വരുന്ന ശബ്ദം ഉപയോഗിച്ചു വന്യ മൃഗങ്ങളെ അകറ്റുന്ന പ്രവണതയും ഊരുകളിലുണ്ട്. ചിലയിടത്തു ആനക്കിടങ്ങുകൾ എടുത്തിട്ടുണ്ടെങ്കിലും എല്ലാ ഊരുകളിലും ഈ സംവിധാനം എത്തിയിട്ടില്ല. വൈദ്യുതി വേലികളും വിരളമായേ ഉള്ളൂ. പ്രശ്നത്തിനു ശാശ്വത പരിഹാരം വേണമെന്ന് ആദിവാസി മുന്നേറ്റ സംഘടനകൾ അടക്കം ആവശ്യപ്പെടുന്നു.
വനാതിർത്തിയിൽ നിന്നും ഇറങ്ങിക്കോ; പക്ഷേ മടങ്ങണം, ഇരുട്ട് വീഴും മുൻപേ
കല്ലാർ∙ വനാതിർത്തി മേഖലകളിൽ നിന്നും പുറത്തേക്കു വിവിധ ജോലികൾക്കായും പഠനത്തിനും എത്തുന്നവർക്ക് ഇരുട്ട് വീഴും മുൻപേ തിരിച്ച് എത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇരുട്ടി കഴിഞ്ഞാൽ വഴി മധ്യത്തിൽ കാട്ടാനകളോ കാട്ടുപോത്തോ ഇറങ്ങി നിൽക്കും. വാഹനത്തിൽ വന്നാലും വാഹനം റെയ്സ് ചെയ്തു ശബ്ദം ഉണ്ടാക്കി മൃഗങ്ങളെ അകറ്റാൻ ശ്രമിച്ചാലും രക്ഷയില്ല. ഇരുട്ട് വീണതിനു ശേഷം മടങ്ങേണ്ടി വന്നതു കൊണ്ടു മാത്രം ഏറെ നേരം വഴിയിൽ കുടുങ്ങിയ സാഹചര്യം പല തവണ ഉണ്ടായിട്ടുണ്ടെന്നു പലരും സാക്ഷ്യപ്പെടുത്തുന്നു.അതുകൊണ്ടു തന്നെ വൈകിട്ട് 6 നു മുൻപേ ജോലി കഴിഞ്ഞു മടങ്ങുകയാണു പലരുടെയും രീതി. എന്നാൽ ചില പകലുകളിലും വന്യ മൃഗങ്ങളിൽ ഇറങ്ങി നിൽക്കുന്ന സാഹചര്യം നിലവിലുണ്ടെന്ന് ചിലർ സാക്ഷ്യപ്പെടുത്തുന്നു.