150 വർഷം പഴക്കമുള്ള പ്ലാവിൽനിന്ന് തിരുമുടി; ചായം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ചടങ്ങുകൾ തുടങ്ങി
Mail This Article
വിതുര∙ ചായം ശ്രീഭദ്രകാളി ക്ഷേത്രത്തിൽ ദേവിയുടെ പുതിയ തിരുമുടി നിർമാണ ചടങ്ങുകൾക്കു തുടക്കമായി. വരിക്ക പ്ലാവിന്റെ കാതലിലാണു തിരുമുടി കൊത്തി ഒരുക്കുന്നത്. ചായം പുത്തൻവീട് ശാന്തി ഭവനിൽ എൻ.പ്രഭാകരൻ നായരും കെ.ശാന്ത കുമാരിയും ചേർന്നു നേർച്ചയായി നൽകിയ പ്ലാവിൽ നിന്ന് ആവശ്യമായ തടി കൊത്തിയെടുക്കുന്ന ചടങ്ങിനു തൃക്കാർത്തിക ദിനത്തിൽ തുടക്കം കുറിച്ചു.
തച്ചൻ ബി.പ്രതാപചന്ദ്രന്റെ (വെള്ളനാട്) നേതൃത്വത്തിലാണു തിരുമുടി ഒരുക്കൽ. ആയുധ പൂജയ്ക്കു ശേഷം ക്ഷേത്രത്തിൽ നിന്നാരംഭിച്ച ഘോഷയാത്രക്കും ചടങ്ങുകൾക്കും മേൽശാന്തി ശംഭു പോറ്റി,അനിൽ കുമാർ (വെള്ളനാട്), ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.വിജയൻ നായർ, സെക്രട്ടറി എസ്.തങ്കപ്പൻ പിള്ള, ട്രഷറർ പി.ബിജു കുമാർ, വൈസ് പ്രസിഡന്റ് ജി.ഗിരീശൻ നായർ, ജോയിന്റ് സെക്രട്ടറി ഭൂവനേന്ദ്രൻ നായർ, കമ്മിറ്റി അംഗങ്ങളായ വി.മഹേശ്വരൻ നായർ, കെ.കമലാസനൻ, ബി.ജയകുമാർ, ജി.ശങ്കരൻ നായർ, കെ.എൽ.ജയൻ ബാബു, ക്ഷേത്ര തച്ചൻ രവി തുടങ്ങിയവർ നേതൃത്വം നൽകി.
നൂറ്റൻപത് വർഷത്തോളം പഴക്കമുള്ള വരിക്ക പ്ലാവ് മുറിക്കാതെ ജീവനോടെ നിലനിർത്തിയാണ് തിരുമുടിക്കാവശ്യമായ കാതൽ മാത്രം കൊത്തിയെടുക്കുന്നത്. ഇത് വെളളനാട്ടെ പണിപ്പുരയിലേക്കു കൊണ്ടുപോകും. മാസങ്ങളെടുത്താണു വ്രതശുദ്ധിയോടെ തിരുമുടി കൊത്തിയൊരുക്കുന്നത്. അടുത്ത വർഷത്തെ ഉത്സവം മുതൽ പുറത്തെഴുന്നള്ളിക്കുന്നത് പുതിയ തിരുമുടിയാകും.