'മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കരുത്'; ഓംപ്രകാശിന്റെ ‘ഉപാധിയിൽ’ തിരക്കഥയെഴുതി പൊലീസ്
Mail This Article
തിരുവനന്തപുരം∙ ഡാൻസ് ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ കേസിൽ ഓംപ്രകാശ് പിടികൊടുത്തത്, പൊലീസ് തയാറാക്കിയ തിരക്കഥയ്ക്കനുസരിച്ചെന്ന് ആരോപണം. മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിക്കരുതെന്ന് ഓംപ്രകാശ് മുന്നോട്ടുവച്ച ഉപാധി അംഗീകരിച്ചു കൊണ്ടായിരുന്നു രാത്രിയിലെ അറസ്റ്റ് നാടകം. ചൊവ്വ രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നോട്ടിസ് കൈമാറിയെങ്കിലും ഓംപ്രകാശ് അസൗകര്യം അറിയിച്ചു. രാത്രിയോ അടുത്ത ദിവസമോ എത്താമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. രാത്രി താമസ സ്ഥലത്തുനിന്നു പിടികൂടാനുള്ള പൊലീസ് തിരക്കഥയ്ക്കു ഓംപ്രകാശും സമ്മതംമൂളി. രാത്രി 9ന് ഫോർട്ട് പൊലീസ് കുളത്തൂർ തമ്പുരാൻമുക്കിലെ താമസസ്ഥലത്ത് എത്തി ഓംപ്രകാശിനെ വിളിച്ചു കൊണ്ടുപോകുകയായിരുന്നു.
അറസ്റ്റ് വിവരം ചാനലുകളിൽ വാർത്തയായതോടെ ഓംപ്രകാശിനെ തമ്പാനൂർ പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. രാവിലെ വീണ്ടും ഫോർട്ട് സ്റ്റേഷനിലേക്കു കൊണ്ടുപോയ ശേഷം വൈകിട്ട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഓംപ്രകാശുമായി ഏറ്റുമുട്ടിയ വലിയതോപ്പ് സ്വദേശി സാജൻ,മകൻ ഡാനി എന്നിവരടക്കം കേസിൽ പ്രതികളായ 25 പേർ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരായിരുന്നു. പാറ്റൂർ കേസിൽ ആഴ്ചതോറും ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിൽ ഒപ്പിടാൻ എത്താറുള്ള ഓംപ്രകാശ് മാസങ്ങളായി കുളത്തൂരിലാണ് താമസിക്കുന്നതെന്നും പൊലീസിന് നേരത്തേ അറിയാമായിരുന്നു. താൻ ഒന്നിനും പോയിട്ടില്ലെന്നാണു ബാറിലെ ഏറ്റുമുട്ടലിനെക്കുറിച്ച് ഓംപ്രകാശിന്റെ മറുപടിയെന്നു പൊലീസ് പറഞ്ഞു.
ഡാനിയുടെ പരിപാടിയാണെന്ന് അറിഞ്ഞല്ല ഓംപ്രകാശ് പോയത്. ഡിജെ പാർട്ടിക്കിടെ ആൾക്കൂട്ടത്തിനിടയിലൂടെ ഓംപ്രകാശും സുഹൃത്തും പോകുമ്പോൾ സാജനാണ് പ്രകോപനമുണ്ടാക്കിയത്. ഓംപ്രകാശ് കടന്നുപോയ ശേഷമാണ് സുഹൃത്ത് നിധിനെ സാജന്റെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഓംപ്രകാശിനൊപ്പം ബാറിലെത്തിയ യുവതിക്കും പൊലീസ് നോട്ടിസ് അയച്ചു. എറണാകുളം സ്വദേശിയായ യുവതി ഇന്ന് സ്റ്റേഷനിൽ ഹാജരാകുമെന്നാണ് പൊലീസിനെ അറിയിച്ചത്.
വിവരം ശേഖരിക്കും
∙ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായ ദിവസം ബാറിലുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും തിരിച്ചറിയൽ രേഖകളും മൊബൈൽ ഫോൺ നമ്പരും പൊലീസ് ശേഖരിക്കും. ഇതിനായി നോട്ടിസ് അയച്ചു തുടങ്ങി. 25 പേർ സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്. ബാറിലെ ഏറ്റുമുട്ടലിന്റെ പേരിൽ ആക്രമണം ഉണ്ടാകാതെ തടയുകയാണ് ലക്ഷ്യം. ഭീഷണിയെത്തുടർന്നു സാജന്റെ സംഘത്തിലെ പലരും സമൂഹമാധ്യമങ്ങളിൽനിന്നു ഫോട്ടോകൾ ഡിലീറ്റ് ചെയ്തിട്ടുണ്ട്. ബിസിനസുമായി ജീവിക്കുകയാണ് ലക്ഷ്യമെന്ന് ഓംപ്രകാശ് പറഞ്ഞതായി പൊലീസ് പറഞ്ഞു. ഗുണ്ടകളെ നിരീക്ഷിക്കാൻ സ്പെഷൽ ബ്രാഞ്ചിനും ഷാഡോ സംഘത്തിനും കമ്മിഷണർ നിർദേശം നൽകി.