മനം നിറച്ച് ചലച്ചിത്രമേള: ഓർമകളിൽ പി.ഭാസ്‌കരൻ; അരങ്ങിൽ വീണ്ടും ‘നീലക്കുയിൽ’
Mail This Article
തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്ര മേളയിൽ സംവിധായകനും ഗാനരചയിതാവുമായ പി.ഭാസ്‌കരന്റെ സ്മരണകൾ ഉണർത്തി ‘നീലക്കുയിലി’ന്റെ പ്രദർശനം നടന്നു. ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച ഛായാഗ്രാഹകൻ വിപിൻ മോഹനെ നിള തിയറ്ററിൽ നടന്ന ചടങ്ങിൽ അനുമോദിച്ചു. സിനിമയിലെ ജീവിച്ചിരിക്കുന്ന ഏക അഭിനേതാവാണ് വിപിൻ മോഹൻ. നീലക്കുയിൽ ചിത്രീകരണത്തിന്റെയും ഭാസ്‌കരൻ മാഷിന്റെ കൂടെ പ്രവർത്തിച്ചതിന്റെയും ഓർമകൾ അദ്ദേഹം പങ്കിട്ടു.
ഐക്യകേരളം സ്വപ്നം കാണുകയും കേരളത്തിന്റെ രാഷ്ട്രീയ ഭൂതകാലത്തിൽ വിപ്ലവത്തിന്റെ വെളിച്ചം വിതറുകയും ചെയ്ത പി.ഭാസ്‌കരൻ നവോത്ഥാന കേരളത്തിന്റെ നായകനാണെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ പറഞ്ഞു.മലയാള സിനിമയിലും ആകാശവാണിയിലെ പ്രവർത്തന രീതിയിലും സാഹിത്യ സംസ്‌കാരത്തിന് രൂപം നൽകിയത് പി.ഭാസ്കരനാണെന്നും മലയാള സിനിമയിൽ ആദ്യമായി തനതായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതും അദ്ദേഹമാണന്നും ചലച്ചിത്ര നിരൂപകൻ വിജയകൃഷ്ണൻ പറഞ്ഞു. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് അധ്യക്ഷനായി.
ഫെമിനിച്ചി ഫാത്തിമ: അവസാന പ്രദർശനം ഇന്ന്
തിരുവനന്തപുരം∙ മേളയിൽ ഏറെ ചർച്ചയായ മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’യുടെ അവസാന പ്രദർശനം ഇന്ന് 5.30ന് ന്യൂ തിയറ്ററിലെ സ്‌ക്രീൻ ഒന്നിൽ നടക്കും.താൻ കണ്ടുവളർന്ന, കേട്ടുശീലിച്ച, തനിക്കു ചുറ്റുമുള്ള സ്ത്രീകളുടെ പ്രതിഫലനമാണ് ‘ഫെമിനിച്ചി ഫാത്തിമ’യെന്ന് സംവിധായകൻ ഫാസിൽ മുഹമ്മദ് പറഞ്ഞു. ‘ഫെമിനിസത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മുന്നേറ്റങ്ങളെപ്പറ്റിയോ ആധികാരികമായ അറിവില്ല. ഞാൻ മനസ്സിലാക്കിയ ഫെമിനിസം പുരുഷനും സ്ത്രീയും തുല്യരാണ് എന്നതാണ്. അതു പഠിച്ചത് ഉമ്മയിൽനിന്നും സഹോദരിമാരിൽനിന്നും കൂട്ടുകാരികളിൽ നിന്നുമാണ്’– ഫാസിൽ പറഞ്ഞു.
‘1001 നുണകൾ’ എന്ന സിനിമയിലെ പ്രധാന വേഷത്തിലെത്തിയ ഗാനരചയിതാവും നടിയുമായ ഷംല ഹംസയാണു ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഈ കാലഘട്ടത്തിന് അനിവാര്യമായ സന്ദേശമാണു ചിത്രം മുന്നോട്ടുവയ്ക്കുന്നതെന്നു ഷംല ഹംസ പറഞ്ഞു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ രാജ്യാന്തര മത്സര വിഭാഗത്തിലെ 2 മലയാള ചിത്രങ്ങളിൽ ഒന്നാണ് നവാഗതനായ ഫാസിൽ മുഹമ്മദിന്റെ ചിത്രം. ഐഎഫ്എഫ്‌കെയിൽ ഇതുവരെ നടന്ന 2 സ്‌ക്രീനിങ്ങിനും ആസ്വാദകരിൽ നിന്ന് മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിച്ചത്.
അരുണ വാസുദേവ്: ഏഷ്യൻ സിനിമയ്ക്ക് പ്രചോദനമായ വ്യക്തിത്വം
തിരുവനന്തപുരം∙ ഏഷ്യൻ സിനിമയ്ക്ക് എന്നും പ്രചോദനമായ വ്യക്തിത്വമാണ് അരുണ വാസുദേവ് എന്ന് ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർപഴ്സൻ ബീന പോൾ. ‘റിമംബറിങ് അരുണ വാസുദേവ്’ എന്ന പരിപാടിയിൽ ‘ഏഷ്യൻ സിനിമയുടെ മാതാവ്’ എന്ന പേരിൽ അറിയുന്ന ചലച്ചിത്ര പ്രവർത്തകയെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ. സിനിമയിൽ സ്ത്രീ സാന്നിധ്യം കുറവായിരുന്ന സമയത്താണ് അരുണ ഈ മേഖലയിലെത്തുന്നത്. മുൻനിര ചലച്ചിത്ര പ്രവർത്തകരുടെ കൂടെ ജോലി ചെയ്തു. സാംസ്കാരിക കെട്ടുപാടുകളിൽ കുടുങ്ങി ഏഷ്യൻ സിനിമ ലോകത്തിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. തുടർന്ന് ഈ ഭൂഖണ്ഡത്തിലെ സിനിമയുടെ വക്താവ് ആകാൻ അവർക്കു കഴിഞ്ഞുവെന്നും ബീന പറഞ്ഞു.