ദേശീയപാത 66ൽ ആറ്റിങ്ങൽ കടമ്പാട്ടുകോണം മുതൽ ഇഞ്ചിവിളവരെ അപകടക്കെണിയായി വെളിച്ചമില്ലാ വളവുകൾ
Mail This Article
പാറശാല ∙ റോഡിലെ ബ്ലാക് സ്പോട്ടുകളിൽ അപകടസാധ്യത കുറയ്ക്കാൻ ദേശീയപാത അതോറിറ്റി നടത്തിയ സുരക്ഷാസംവിധാനങ്ങൾ സർവതും പാളി. 4 വർഷം മുൻപ് ആറ്റിങ്ങൽ കടമ്പാട്ടുകോണം മുതൽ കളിയിക്കാവിളക്കു സമീപം ഇഞ്ചിവിളവരെ ദേശീയപാത 66ൽ കോടികൾ ചെലവിട്ടാണ് വളവുകളിൽ ഫുട്പാത്തും ഹൈമാസ്റ്റ് വൈദ്യുതി ലൈറ്റുകളും ഒരുക്കിയത്. വളവുകളിലെ അപകടങ്ങൾ തടയാൻ വിശദ പഠനങ്ങൾക്കുശേഷം പ്രഖ്യാപിച്ച പദ്ധതിയിൽ വർഷങ്ങൾ കഴിഞ്ഞിട്ടും വെളിച്ചം എത്തിയിട്ടില്ല. വഴിമുക്ക് മുതൽ കളിയിക്കാവിള വരെ പത്താംകല്ല്, നെയ്യാറ്റിൻകര ഗ്രാമം, ഉദിയൻകുളങ്ങര, കാരാളി, ഇഞ്ചിവിള വളവുകളിലാണ് നടപ്പാതയും ലൈറ്റും നിർമിച്ചത്. പദ്ധതിയിൽ വൈദ്യുതി കണക്‌ഷൻ എത്തിക്കാൻ സംവിധാനമില്ല.
വളവുകളിലെ വെളിച്ചക്കുറവ് രാത്രി അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ട്. നടപ്പാതയ്ക്കുവേണ്ടി സ്ഥാപിച്ച ഇന്റർലോക്ക് ഭൂരിഭാഗവും തകർന്നും കാടു കയറിയും ഉപയോഗശൂന്യമായി. സ്ഥലപരിമിതിക്കൊപ്പം ജംക്‌ഷനുകളിൽ തോന്നുംപടിയുള്ള പാർക്കിങ്ങും കാണാം. നടപ്പാതകളിൽ തലങ്ങുംവിലങ്ങും ഇരുചക്രവാഹനങ്ങൾ പാർക്കു ചെയ്യുന്നതോടെ കാൽനടക്കാർ റോഡിലിറങ്ങി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ദേശീയപാത കടന്നു പോകുന്ന ഉദിയൻകുളങ്ങര, നെയ്യാറ്റിൻകര, പാറശാല പോസ്റ്റ് ഓഫിസ് ജംക്‌ഷൻ എന്നിവിടങ്ങളിൽ കാൽനട പൂർണമായും തടസ്സപ്പെടുത്തിയാണ് വാഹന പാർക്കിങ്. ചന്തയടക്കം പ്രവർത്തിക്കുന്ന ഉദിയൻകുളങ്ങര ജംക്‌ഷനിൽ വാഹനങ്ങൾ കടകൾക്ക് മുന്നിൽ ഉടമകൾ തന്നെ സ്ഥിരമായി പാർക്ക് ചെയ്യുന്നു.
പാറശാല താലൂക്ക് ആശുപത്രി ജംക്‌ഷൻ അപകടമേഖലയായി മാറിയിട്ടു മാസങ്ങൾ കഴിഞ്ഞു. കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ സീബ്രാ വരകൾ ഒരുക്കാത്തതും ആശുപത്രിക്കുള്ളിൽനിന്ന് പുറത്തേക്ക് ഇറങ്ങുന്ന വാഹനങ്ങൾക്ക് ദേശീയപാതയിൽ നിന്നെത്തുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തതുമാണ് പ്രദേശത്തെ അപകടങ്ങൾക്ക് കാരണം. രണ്ടു മാസത്തിനുള്ളിൽ മാത്രം നടന്ന അപകടങ്ങളിൽ ഒരാൾ മരിക്കുകയും നാലു പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 28ന് രാത്രി 9.30ന് റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ എത്തിയ ബൈക്കിടിച്ച് പാരലൽ കോളജ് അധ്യാപകന്റെ കാലിനു ഗുരുതര പരുക്കേറ്റു.