മംഗലപുരം സ്റ്റേഷൻ പരിസരം വാഹനങ്ങളുടെ ശവപ്പറമ്പ്
Mail This Article
പോത്തൻകോട് ∙ വിവിധ കേസുകളിലായി പൊലീസ് പിടിച്ചെടുത്ത ഇരുചക്ര വാഹനങ്ങളടക്കം നൂറുകണക്കിനു വാഹനങ്ങളുടെ ശവപ്പറമ്പായി മംഗലപുരം സ്റ്റേഷന്റെ മുൻവശം. സ്റ്റേഷനകത്തും ഇരുചക്രവാഹനങ്ങൾ കുന്നുകൂട്ടിയിട്ടിട്ടുണ്ട്. വർഷങ്ങളായി റോഡിന്റെ വശങ്ങളിൽ കിടക്കുന്ന വാഹനങ്ങളെ കാട് വളഞ്ഞ് ഇപ്പോൾ കാണാനില്ലെന്ന സ്ഥിതിയിലാണ്. ഇവിടം ഇഴജന്തുക്കളുടെ താവളമെന്നും നാട്ടുകാർ പറയുന്നു. ചക്രങ്ങൾ, ബാറ്ററി, മ്യൂസിക് സിസ്റ്റം തുടങ്ങി വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളൊന്നും ഇപ്പോഴില്ല. വെയിലും മഴയുമേറ്റ് തുരുമ്പെടുത്തു കിടക്കുന്ന വാഹനങ്ങൾ തേടി ആർസി ഓണർമാരും വരാറില്ല. അനധികൃത മണ്ണുകടത്ത്, നിയമലംഘനങ്ങൾ, അപകടങ്ങൾ തുടങ്ങി വിവിധ കാരണങ്ങളിൽ പിടികൂടിയ വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.
കേസിൽ ഉൾപ്പെടുമെന്ന് അറിഞ്ഞ് പ്രതികൾ ‘നടതള്ളിയ’ വാഹനങ്ങളും ഇതിൽപെടും. കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ നശിക്കാനിടവരാത്തവിധം വേഗത്തിൽ വിട്ടുനൽകണമെന്നുള്ള പൊലീസ് മേധാവിയുടെ ഉത്തരവും നിലനിൽക്കുന്നുണ്ട്. വാഹനം പിടിച്ചെടുത്താൽ രണ്ടാഴ്ചയ്ക്കകം ഫോട്ടോയെടുത്ത് ബന്ധപ്പെട്ടവരെ കണ്ട് നടപടി പൂർത്തിയാക്കി കോടതി മുൻപാകെ എത്തിക്കണമെന്നാണ് നിർദേശം. കോടതി പ്രത്യേകമായി നിർദേശിക്കാത്ത പക്ഷം പിടിച്ചെടുത്ത വാഹനങ്ങൾ രണ്ടുമാസത്തിനകം വിട്ടുകൊടുത്തിരിക്കണം. ലേലത്തിൽ കൊടുക്കാനാണ് കോടതി നിർദേശിക്കുന്നതെങ്കിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടി തുടങ്ങി ആറുമാസത്തിനകം പൂർത്തിയാക്കണം.
പൊലീസ് കസ്റ്റഡിയിൽ പത്തുവർഷം കഴിഞ്ഞാൽ വാഹനത്തിന് ഇരുമ്പുവിലമാത്രമാണ് കണക്കാക്കുക. ഉടമയില്ലാതെ വഴിയോരങ്ങളിൽനിന്നു കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ ജില്ലാ പൊലീസ് മേധാവിയുടെയോ, കമ്മിഷണറുടെയോ മുന്നിലെത്തിക്കണം. തുടർന്ന് അവകാശികൾക്കായി പരസ്യം ചെയ്യണം. മൂന്നു മാസത്തിനകം ഉടമ എത്തിയാൽ വാഹനം മടക്കി നൽകണം.
ഇടയ്ക്കിടെ കണക്കെടുപ്പു
നടത്തണമെന്നിരിക്കെ വാഹനങ്ങൾ ആരുടേതെന്നുപോലും ഇപ്പോൾ പൊലീസിന് അറിയില്ല. സാധാരണഗതിയിൽ രണ്ടു മൂന്നു വർഷങ്ങളായി ആരും ഏറ്റെടുക്കാതെ വരുമ്പോൾ ലേലം ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. റൂറൽ എസ്പിക്കാണ് ഇതിന്റെ ഉത്തരവാദിത്തം. എസ്എച്ച്ഒമാർ നേരിട്ടും നടപടികൾ സ്വീകരിക്കാറുണ്ട്.