ആളുമാറി വെട്ട്: ക്വട്ടേഷൻ ‘ബന്ധു വക’: നാടിന് ഗുണ്ടാഭയം, അഭയമെവിടെ?
Mail This Article
തിരുവനന്തപുരം∙ തലസ്ഥാനത്ത് പൊലീസിനും നാട്ടുകാർക്കും തലവേദനയായി ഗുണ്ടാസംഘങ്ങളുടെ കൊലവിളി. നെടുമങ്ങാട് വലിയമലയിൽ ആളുമാറി ക്വട്ടേഷനിൽ വെട്ടേറ്റത് ടാപ്പിങ് തൊഴിലാളിക്ക്. വലിയമലയിൽ വയോധികനെയാണ് ആളുമാറി വെട്ടി പരുക്കേൽപ്പിച്ചത്. വലിയമല കരിങ്ങ ജിതേഷ് ഭവനിൽ തുളസീധരൻ നായർക്കാണ്(60) ഗുരുതര പരുക്കേറ്റത്. മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് തുളസീധരൻ. ഡാൻസ് ബാറിൽ ഡിജെ പാർട്ടിക്കിടെ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടിയ കേസിൽ ഗുണ്ട ഓംപ്രകാശിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഗുണ്ടകൾക്കായി വ്യാപക തിരച്ചിൽ നടത്തുമ്പോഴാണ് വലിയമലയിലെ അക്രമം. ക്വട്ടേഷൻ സംഘമാണ് ടാപ്പിങ് തൊഴിലാളിയെ ആളുമാറി വെട്ടിയതെന്നാണു വിവരം.
ആളുമാറി വെട്ട്: ക്വട്ടേഷൻ ‘ബന്ധു വക’
നെടുമങ്ങാട്∙ വലിയമലയിൽ നാലംഗ സംഘം ലക്ഷ്യമിട്ടത് ഓട്ടോ ഡ്രൈവറെ. വെട്ടാൻ ക്വട്ടേഷൻ നൽകിയത് ഇയാളുടെ ബന്ധുവാണെന്നാണ് വിവരം. വെട്ടേറ്റത് ഒരു കേസിലും പ്രതിയല്ലാത്ത വയോധികനും. ടാപ്പിങ് തൊഴിലാളി തുളസീധരൻ നായരെ നാലംഗ സംഘമാണ് ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ചത്. കേസിൽ 4 പേർ വലിയമല പൊലീസിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് വിവരം. കെഎസ്ആർടിസി താൽക്കാലിക ജീവനക്കാർ ഉൾപ്പെടെയാണ് വെങ്ങാനൂരിൽ പിടിയിലായത്.
വലിയകരിങ്ങയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കസ്റ്റഡിയിൽ ഉള്ളവരെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരം ലഭ്യമാകൂവെന്ന് പൊലീസ് അറിയിച്ചു. ഓട്ടോ ഡ്രൈവറെ സ്റ്റേഷനിൽ എത്തിച്ച് മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് നാലംഗ സംഘത്തെ കസ്റ്റഡിയിലെടുത്തത്. ഓട്ടോഡ്രൈവറാണ് രാവിലെ അക്രമികളെ കണ്ട കാര്യം പൊലീസിനോട് പറഞ്ഞത്. ഇയാളുടെ കുടുംബ പ്രശ്നമാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. അക്രമം നടത്തിയത് ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുഖത്തും, കൈയിലും കാലിലും നെഞ്ചിലുമാണ് വെട്ടേറ്റത്. ഓട്ടോ ഡ്രൈവർ ആണോ എന്നു പേരു ചോദിച്ചായിരുന്നു അക്രമികൾ ഇദ്ദേഹത്തെ വെട്ടിയത്. നിലവിളിച്ചതോടെ അക്രമി സംഘം ബൈക്കിൽ രക്ഷപ്പെട്ടു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച തുളസീധരനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തുളസീധരൻ നായരിൽ നിന്ന് വലിയമല പൊലീസ് മൊഴിയെടുത്തു. പാലോട് എസ്എച്ച്ഒയാണ് സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി തെളിവെടുത്തു.