വെള്ളനാട് സ്കൂളിന് മുന്നിലെ ഗതാഗത നിയന്ത്രണത്തിന് പൊലീസ്
Mail This Article
വെള്ളനാട് ∙ ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിന് മുന്നിൽ അപകടങ്ങൾ പതിവാകുന്നതോടെ ഗതാഗതം നിയന്ത്രിച്ച് കുട്ടികളെ റോഡ് കടത്തിവിടുന്നതായി പൊലീസിന്റെ സേവനവും. സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെയും വൈകിട്ടും പൊലീസ് എത്തുമെന്നും തിങ്കളാഴ്ച മുതൽ സേവനം ആരംഭിച്ചതായും ആര്യനാട് ഇൻസ്പെക്ടർ വി.എസ്.അജീഷ് അറിയിച്ചു. എന്നാൽ, ഇന്നലെ വൈകിട്ട് പൊലീസ് ഉണ്ടായിരുന്നില്ല. സ്കൂളിന് മുന്നിലെ റോഡിൽ വിദ്യാർഥികളെ കടത്തിവിടാനായി പൊലീസിന്റെ സേവനം വേണമെന്നത് രക്ഷിതാക്കളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു സ്കൂളിലെ പൂർവവിദ്യാർഥിക്കൂട്ടായ്മ സെക്രട്ടറി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി ഇതു സംബന്ധിച്ച് ആര്യനാട് ഇൻസ്പെക്ടർക്ക് ഇൻസ്ട്രക്‌ഷൻ മെമ്മോ നൽകി.
സ്കൂളിനു മുന്നിലെ റോഡിൽ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മനോരമ ഒട്ടേറെ വാർത്തകളും ചെയ്തിരുന്നു. നെട്ടിറച്ചിറ–വെള്ളനാട്–പൂവച്ചൽ റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചതോടെ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്. പിടിഎ നിയമിച്ചിട്ടുള്ള സെക്യൂരിറ്റി ജീവനക്കാരന് ഒറ്റയ്ക്ക് ഗതാഗതം നിയന്ത്രിച്ച് കുട്ടികളെ റോഡിന്റെ മറുവശത്ത് കടത്തിവിടാൻ കഴിഞ്ഞിരുന്നില്ല. ചില സമയങ്ങളിൽ പിടിഎ ഭാരവാഹികളും സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികളും സഹായത്തിന് എത്തുമായിരുന്നു.