പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പതിവായി വിദ്യാർഥി സംഘർഷം

Mail This Article
കിളിമാനൂർ ∙ പഴയകുന്നുമ്മേൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഒരു വർഷം മുൻപ് പഞ്ചായത്ത് ആരംഭിച്ച പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസുകാരുടെ സേവനം നിലച്ചതോടെ വിദ്യാർഥികളുടെ സംഘർഷം വീണ്ടും പതിവായി.സ്കൂളിൽനിന്നു തുടങ്ങുന്ന വിദ്യാർഥി സംഘർഷം പലപ്പോഴും ബസ് സ്റ്റാൻഡ് വരെ ഉണ്ടാകും. ചില ദിവസങ്ങളിൽ ഇത് രണ്ട് മണിക്കൂർവരെ നീളും. തിങ്കളാഴ്ച വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായി. ആഴ്ചയിൽ രണ്ടും മൂന്നും ദിവസങ്ങളിൽ ഇതു പതിവാണ്. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോൾ വിദ്യാർഥികൾ ഓടി രക്ഷപ്പെടും.
ഹൈസ്കൂൾ മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർഥികൾ തമ്മിലാണ് പതിവായി സംഘർഷം ഉണ്ടാകുന്നതെന്ന് യാത്രക്കാർ പറയുന്നു.ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ഒ.എസ്.അംബിക എംഎൽഎയാണ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. രാവിലെ 8 മണി മുതൽ രണ്ട് മണിക്കൂറും വൈകിട്ട് 3 മുതൽ 6 വരെയും പൊലീസിന്റെ സേവനം ലഭിക്കും എന്നായിരുന്നു വാഗ്ദാനം.ഇവ രണ്ടും ദിവസങ്ങൾക്കകം തന്നെ നിലച്ചു.എയ്ഡ് പോസ്റ്റിൽ പൊലീസിന്റെ സേവനം ഉറപ്പാക്കി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.